- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളും അസിസ്റ്റുമായി ലാലിയൻസ്വാല ചാങ്തെ; ബിഗ് മാച്ച് പ്ലെയറായി സുനിൽ ഛേത്രി; ഇന്റർ കോണ്ടിനെന്റൽ ഫുട്‌ബോൾ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; ലെബനോനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
ഭുവനേശ്വർ: ലെബനനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോൾ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. നാൽപത്തിയാറാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആറുപത്തിയാറാം മിനിറ്റിൽ ലാല്യൻസ്വാല ചാങ്‌തെയുമാണ് ഇന്ത്യയുടെ ജയം ഉറപ്പിച്ച് ഗോളുകൾ നേടിയത്.
സുനിൽ ഛേത്രിക്ക് പിന്നാലെ വണ്ടർ യങ്സ്റ്റർ ലാലിയൻസ്വാല ചാങ്തെയായിരുന്നു ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. രാജ്യാന്തര കരിയറിൽ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയിൽ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനുറ്റിലെ തകർപ്പൻ പ്രകടനം ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികൾക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു.
ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യ ഗോളിന് വഴിവച്ചതും ചാങ്‌തെയാണ്. ചാങ്‌തെ ബാക്ക് ഹീൽ ചെയ്തു നൽകിയ പന്താണ് നിഖിൽ പൂജാരി ബോക്‌സിൽ സുനിൽ ഛേത്രിക്ക് കൊടുത്തത്. ഛേത്രിയാണ് രണ്ടാമത്തെ ഗോളിന്റെ ശിൽപി. ഛേത്രി നൽകിയ പന്ത് മഹേഷ് സിങ് പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചെങ്കിലും ഗോളി തടഞ്ഞിട്ടു. റീബൗണ്ട് കിട്ടിയ ചാങ്‌തെയ്ക്ക് പിഴച്ചതുമില്ല.
സുനിൽ ഛേത്രിയെ ഒന്നാം പകുതിയിൽ തന്നെ ഇറക്കിയ ഇന്ത്യ നിരന്തരം ആക്രമിക്കുന്നതാണ് ആദ്യ നിമിഷങ്ങളിൽ കണ്ടത്. സഹലും ആഷിഖും ചേർന്നതോടെ ഏത് നിമിഷവും ഗോൾ വീഴാമെന്ന അവസ്ഥയായിരുന്നു. ചില ആശയക്കുഴപ്പങ്ങളും നിസാര പിഴവുകളുമാണ് ഒന്നാം പകുതിയിൽ ഇന്ത്യയുടെ വഴിയടച്ചത്. പ്രത്യാക്രമണമായിരുന്നു ലെബനന്റെ ആയുധം. ജിംഗനും ഗോളി ഗുർപ്രീതുമാണ് കോട്ട കെട്ടി ഒന്നാം പകുതിയിൽ ഇന്ത്യയെ കാത്തത്. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.
ഗോൾബാറിന് കീഴെ അമരീന്ദർ സിംഗിന് പകരം ഗുർപ്രീത് സിങ് സന്ധു എത്തിയപ്പോൾ നിഖിൽ പൂജാരി, അൻവർ അലി, സന്ദേശ് ജിംഗാൻ, ആകാശ് മിശ്ര, ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, ലാലിയൻസ്വാല ചാങ്‌തെ, സുനിൽ ഛേത്രി, ആഷിഖ് കുരുണിയൻ എന്നിവരെ സ്റ്റാർട്ടിങ് ഇലവനിൽ അണിനിരത്തിയാണ് ഇഗോർ സ്റ്റിമാക് നീലപ്പടയെ കളത്തിലിറക്കിയത്.
ഒത്തരുമയോടെ കളിച്ചപ്പോൾ രണ്ട് സുന്ദരൻ ഗോളുകളുമായി ഇന്ത്യ വെന്നിക്കൊടി പാറിക്കുന്നതാണ് തിങ്ങിനിറഞ്ഞ ഗാലറിക്ക് മുന്നിൽ കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്. കിക്കോഫായി ആറാം മിനുറ്റിൽ മലയാളി താരം ആഷിഖ് കുരുണിയനെ ഫെരാൻ വീഴ്‌ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. ഇതിന് പിന്നാലെ ആക്രമിക്കാൻ ഇന്ത്യ ശ്രമങ്ങൾ നടത്തിയെങ്കിലും ഓൺ ടാർഗറ്റ് ഷോട്ടുകൾ താരങ്ങൾ നേടാതിരുന്നതോടെ ആദ്യപകുതി 0-0 ആയി തുടർന്നു.
എന്നാൽ വമ്പൻ പോരാട്ടങ്ങളിൽ എന്നും മികവ് പുറത്തെടുക്കാറുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രി 46-ാം മിനുറ്റിൽ സുന്ദരൻ ഫിനിഷിംഗിലൂടെ ടീമിനെ മുന്നിലെത്തിച്ചു. വലത് വിങ്ങിൽ നിഖിൽ പൂജാരിയുടെ ബാക്ക്ഹീൽ നട്മെഗിൽ നിന്ന് ചാങ്‌തെ ലെബനോൻ ഡിഫൻഡറെ വെട്ടിച്ച് നൽകിയ അസിസ്റ്റ് സ്വീകരിച്ച് സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു.
65-ാം മിനുറ്റിൽ ചാങ്‌തെ ഇന്ത്യക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ഇടംകാൽ കൊണ്ട് ചാങ്‌തെ തൊടുത്ത വെടിയുണ്ട ലെബനോൻ ഗോളി അലി സാബയെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു. മത്സരത്തിന് നാല് മിനുറ്റ് അധികസമയം ലഭിച്ചെങ്കിലും ഗോൾ മടക്കാൻ ലെബനോനായില്ല. അവസാന മിനുറ്റുകളിൽ മഹേഷിന്റെ മിന്നലാക്രമണങ്ങൾ ലെബനോൻ ഗോളിക്ക് പിടിപ്പത് പണിയായി.
സ്പോർട്സ് ഡെസ്ക്