- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്: ഇന്ത്യയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി മൗറീഷ്യസ്
ഹൈദരാബാദ്: ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ പിടിച്ചുകെട്ടി മൗറീഷ്യസ്. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. പുതിയ പരിശീലകന്‍ മനോലോ മാര്‍ക്വേസിന്റെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ, തങ്ങളേക്കാള്‍ 55 റാങ്ക് പിന്നിലുള്ള ടീമിനോടാണ് സമനില വഴങ്ങിയത്. ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളുടെ വലകുലുക്കാന്‍ നീലക്കടുവകള്‍ക്ക് കഴിഞ്ഞില്ല. ഡിഫന്‍ഡര്‍ രാഹുല്‍ ഭേകെയാണ് ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞത്. മൗറീഷ്യസിന്റെ ആക്രമണത്തോടെ കളമുണര്‍ന്നു. കളിയിലേക്ക് ഇന്ത്യ തിരിച്ചുവന്നതോടെ […]
ഹൈദരാബാദ്: ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ പിടിച്ചുകെട്ടി മൗറീഷ്യസ്. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
പുതിയ പരിശീലകന്‍ മനോലോ മാര്‍ക്വേസിന്റെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ, തങ്ങളേക്കാള്‍ 55 റാങ്ക് പിന്നിലുള്ള ടീമിനോടാണ് സമനില വഴങ്ങിയത്. ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളുടെ വലകുലുക്കാന്‍ നീലക്കടുവകള്‍ക്ക് കഴിഞ്ഞില്ല. ഡിഫന്‍ഡര്‍ രാഹുല്‍ ഭേകെയാണ് ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞത്.
മൗറീഷ്യസിന്റെ ആക്രമണത്തോടെ കളമുണര്‍ന്നു. കളിയിലേക്ക് ഇന്ത്യ തിരിച്ചുവന്നതോടെ അവസരങ്ങളും ലഭിച്ചു. ആറാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്കില്‍ സന സിങ് കൃത്യമായി തലവെച്ചിരുന്നെങ്കില്‍ സ്‌കോര്‍ ബോര്‍ഡ് തെളിഞ്ഞേനെ. പന്ത് കൈവശം വെക്കുന്നതില്‍ ആതിഥേയര്‍ മുന്‍തൂക്കം പുലര്‍ത്തിയെങ്കിലും ഇടക്ക് ബോക്‌സില്‍ മൗറീഷ്യസ് താരങ്ങള്‍ അപകടം വിതറിയത് ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങിനും പ്രതിരോധനിരക്കാര്‍ക്കും പണിയുണ്ടാക്കി. 20ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയുടെ ഊഴം. ഇതിനെ ചെറുത്ത ജീന്‍ അരിസ്‌റ്റൈഡിന്റെ പ്രത്യാക്രമണത്തില്‍ നീലക്കടുവകള്‍ ചെറുതായൊന്ന് വിറച്ചു.
26ാം മിനിറ്റില്‍ ഭേകെയും കൊളാസോയും ആശിഷ് റായിയും ചേര്‍ന്ന് നടത്തിയ നീക്കം കോര്‍ണറില്‍ കലാശിച്ചു. 35ാം മിനിറ്റില്‍ ഥാപ്പയില്‍ നിന്ന് ലഭിച്ച പന്തുമായി മന്‍വീര്‍ സിങ്. ടൈറ്റ് ആംഗിളില്‍ നിന്നുള്ള ഷോട്ട് പക്ഷെ ഗോളി കെവിന്‍ ലൂയിസ് സേവ് ചെയ്തു. ആദ്യ പകുതി തീരാനിരിക്കെ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിലും തുടര്‍ന്നും കൊളാസോയുടെ ഗോള്‍ ശ്രമങ്ങള്‍.
ഥാപ്പക്ക് മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെയും കൊളാസോക്ക് നന്ദകുമാര്‍ ശേഖറിനെയും പകരക്കാരാക്കിയാണ് രണ്ടാം പകുതി തുടങ്ങിയത്. ഇക്കുറി അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മൗറീഷ്യസ് താരങ്ങളായിരുന്നു മുമ്പില്‍. പകരക്കാരുടെ ഒത്തിണക്കത്തില്‍ എതിരാളികള്‍ കളംനിറഞ്ഞതോടെ ഇന്ത്യ വിയര്‍ത്തുതുടങ്ങി. അവസാന മിനിറ്റുകളില്‍ ഗോളിനായി ആതിഥേയ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സിറിയയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്ന മൂന്നാം ടീം. സെപ്റ്റംബര്‍ ആറിന് സിറിയയും മൗറീഷ്യസും ഏറ്റുമുട്ടും.
ഒമ്പതിന് ശക്തരായ സിറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നത്തെക്കാള്‍ മോശമായി കളിക്കുന്നത് ബുദ്ധിമുട്ടാണെന്ന് മത്സരശേഷം മനോലോ മാര്‍ക്വേസ് പ്രതികരിച്ചു.