- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാലറിയിലെ മഞ്ഞക്കടലിരമ്പം! കൊച്ചിയിലെയും സിഗ്‌നല്‍ ഇഡുന പാര്‍ക്കിലെയും ആരാധകബാഹുല്യത്തില്‍ താരതമ്യം; മുമ്പില്‍ ഡോര്ട്ട്മുണ്ടല്ല, കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് പോള്‍; തുറന്നു സമ്മതിച്ച് ജര്‍മന്‍ ക്ലബ്ബ്
ആരാധക പിന്തുണയില്‍ ഡോര്‍ട്ട്മുണ്ടിനെ മറികടന്ന് ബ്ലാസ്റ്റേസ്
ന്യൂഡല്‍ഹി: ഫുട്‌ബോള്‍ താരങ്ങളോടും ടീമിനോടുമുള്ള ആരാധകരുടെ പിന്തുണയും ആവേശവുമൊക്കെ മറ്റേതൊരു കായിക ഇനത്തേക്കളും വേറിട്ടുനില്‍ക്കുന്നതാണ്. ഗാലറികളെ ഇളക്കിമറിച്ചുകൊണ്ട് സ്വന്തം ടീമിനായി ആര്‍പ്പുവിളിച്ചും പിന്തുണച്ചും ആരാധകര്‍ നിറയുമ്പോള്‍ താരങ്ങള്‍ക്ക് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള പ്രചോദനം കൂടിയാകും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ പന്തുതട്ടാറുള്ളത്. മഞ്ഞപ്പടയുടെ കാവല്‍ക്കാരായി ഗാലറിയിലെ മഞ്ഞക്കടലിരമ്പം ഏറെ ശ്രദ്ധേയമാണ്. ഗാലറികളിലെ ആരാധകബാഹുല്യം കൊണ്ട് പ്രശസ്തമാണ് കേരള ബ്ലാസ്റ്റേഴ്സും ബുണ്ടസ് ലീഗ് ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും.
ടീമുകള്‍ മത്സരിക്കുമ്പോള്‍ ഗാലറികള്‍ ആരാധകരുടെ ആവേശത്തില്‍ മുങ്ങും. ആര്‍പ്പുവിളികളാല്‍ മുഖരിതമാകും. ഹോം മത്സരമാണെങ്കില്‍ പിന്നെ മഞ്ഞക്കടലായിരിക്കും സ്റ്റേഡിയങ്ങള്‍. ഇങ്ങിവിടെ കൊച്ചിയിലേയും അങ്ങ് സിഗ്‌നല്‍ ഇഡുന പാര്‍ക്കിലും മഞ്ഞക്കടലിരമ്പം എത്രയോ വട്ടം കണ്ടുകഴിഞ്ഞു.
ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോര്‍ട്ട്മുണ്ട്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബേതെന്ന ചോദ്യവുമായി സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ ഒരു പോള്‍ പങ്കുവെച്ചാണ് ക്ലബ്ബിന്റെ പ്രതികരണം.
ഫിയാഗോ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് പോള്‍ സംഘടിപ്പിച്ചത്. ഫിയാഗോ ഫാന്‍സ് കപ്പ് എന്ന പേരില്‍ സംഘടിപ്പിച്ച പോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ലേതെന്ന ചോദ്യമാണ് ഉന്നയിച്ചത്. പോളില്‍ പങ്കെടുത്തവര്‍ കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബെന്നാണ് വോട്ട് ചെയ്തത്. 50.3% പേര്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 49.7% പേര്‍ ഡോര്‍ട്ട്മുണ്ടിനും വോട്ട് ചെയ്തു.
ഫിയാഗോ പുറത്തുവിട്ട ഈ ഫലം പങ്കുവെച്ചാണ് ജര്‍മന്‍ ക്ലബ്ബ് ബ്ലാസ്റ്റേഴ്സിന് കൈകൊടുത്തത്. രണ്ടുപേര്‍ കൈകൊടുക്കുന്ന ഒരു മീം ക്ലബ് പങ്കുവെച്ചു. . സാമൂഹികമാധ്യമമായ എക്സിലൂടെയാണ് ക്ലബ്ബിന്റെ പ്രതികരണം. റിവര്‍പ്ലേറ്റ്, ബൊക്കാ ജൂനിയേഴ്സ് തുടങ്ങിയ ക്ലബ്ബുകള്‍ പോളിലെ അവസാന എട്ടിലെത്തിയിരുന്നു. ഇതില്‍ ബ്ലാസ്റ്റേഴ്സും ഡോര്‍ട്ട്മുണ്ടും മാത്രമാണ് അവസാന റൗണ്ടിലെത്തിയത്.