ന്യൂഡല്‍ഹി: മനോള മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിയാന്‍ മനോള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സ്ഥാനം ഒഴിയാനുള്ള മനോള സന്നദ്ധത എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

പരിശീലക സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും മനോള മാര്‍ക്വേസും ധാരണയായിതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എഐഎഫ്എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കെ. സത്യനാരായണയെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് മനോള മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. പദവിയില്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് പടിയിറക്കം. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു.

മനോള മാര്‍ക്വേസിന്റെ കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യ കാഴ്ച വച്ചത് മോശം പ്രകടനമായിരുന്നു. ഇക്കാലയളവില്‍ കളിച്ച എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയത്. ജൂണ്‍ 10-ന് നടന്ന 2027 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനോളയുടെ പടിയിറക്കം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതിന് പിന്നാലെ തന്നെ മനോള ടീമിന്റെ പ്രകടത്തില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ഹോങ് കോങ് ടീമുകള്‍ക്കെതിരെ പോലും ഇന്ത്യന്‍ ടീം മോശം പ്രകടനം കാഴ്ചവച്ചതോടെ പരിശീലകനുനേരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

സ്പാനിഷ് താരമായിരുന്ന മനോള 2020-ലാണ് മനോള ഇന്ത്യയില്‍ പരിശീലകനായി എത്തുന്നത്. 2020 മുതല്‍ 2023 വരെ മൂന്നുവര്‍ഷക്കാലം ഹൈദരാബാദ് എഫ്.സി.യുടെ പരിശീലകനായിരുന്നു. 2021-22 സീസണില്‍ ഐ.എസ്.എല്‍. ചാമ്പ്യന്മാരായ ഹൈദരാബാദിന്റെ പരിശീലകനായിരുന്നു. പിന്നീട് ഗോവ എഫ്സിയുടെ പരിശീലക ചുമതലയും നിര്‍വഹിച്ചിരുന്നു.