ഹിസോര്‍: ആദ്യ പകുതിയില്‍ കരുത്തരായ ഇറാനെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ചുണക്കുട്ടികള്‍ പൊരുതിത്തോറ്റു. കാഫ നേഷന്‍സ് കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഫിഫ റാങ്കിംഗില്‍ ഇരുപതാം സ്ഥാനക്കാരായ ഇറാനെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് ഞെട്ടിച്ചെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യതോല്‍വിയാണിത്. രണ്ടാം പകുതിയിലാണ് ഇറാന്‍ മൂന്ന് ഗോളുകളും നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറാന്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. ഇന്ത്യ ആദ്യ മത്സരത്തില്‍ തജക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ലോക റാങ്കിങ്ങില്‍ 20ാമതുള്ള ഇറാനെതിരെ 110 റാങ്കിലേറെ പിറകിലായിട്ടും കരുത്തോടെ പിടിച്ചുനിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ തോല്‍വി വഴങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം തജികിസ്താനെതിരെ ജയത്തോടെ തുടങ്ങിയ കാഫ നാഷന്‍സ് കപ്പിലെ രണ്ടാം മത്സരത്തിലാണ് ഖാലിദ് ജമീലിന്റെ യുവനിര എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയം രുചിച്ചത്. ഏഷ്യന്‍ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ ആദ്യത്തെ ഒരു മണിക്കൂര്‍ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാനായത് ബ്ലൂ ടൈഗേഴ്‌സിന് പ്രതീക്ഷയും ആവേശവും സമ്മാനിക്കുന്നതാണ്.

അഫ്ഗാനെ 3-1നും തജികിസ്താനെ 2-1നും വീഴ്ത്തിയതിന്റെ ആവേശത്തിലാണ് യഥാക്രമം ഇറാനും ഇന്ത്യയും രണ്ടാം അങ്കത്തിന് ബൂട്ടുകെട്ടിയത്. വല കാക്കാന്‍ ഗുര്‍പ്രീതിനെയും പ്രതിരോധത്തില്‍ രാഹുല്‍ ഭെക്കെ, അന്‍വര്‍ അലി, സന്ദേശ് ജിങ്കാന്‍ എന്നിവരെയും നിയോഗിച്ച കോച്ച് മുന്നില്‍ മലയാളികളായ ആഷിഖ് കുരുണിയന്‍, മുഹമ്മദ് ഉവൈസ് എന്നിവരടങ്ങിയ നിരയെയും ഇറക്കി. പരിചയ സമ്പന്നര്‍ക്കൊപ്പം പുതുരക്തത്തെയും പരീക്ഷിച്ചാണ് ഇറാന്‍ ടീമിനെ ഇറക്കിയിരുന്നത്.

ഒന്നാം മിനിറ്റില്‍തന്നെ ഇര്‍ഫാന്‍ യദ്‌വാദിനെ കൂട്ടി ഉവൈസ് നടത്തിയ മുന്നേറ്റം ഇന്ത്യ കാത്തുനിന്ന മികച്ച തുടക്കമായി. ഇറാന്റെ കളിക്കരുത്തിനെ തെല്ലും കൂസാതെയായിരുന്നു ഇന്ത്യയുടെ ആക്രമണം. അഞ്ചാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് ഇരച്ചെത്തിയ ഇറാന്‍ നീക്കം ഗുര്‍പ്രീത് ഒരുക്കിയ സുരക്ഷാകവചത്തില്‍ തട്ടി മടങ്ങി. മൂന്ന് മിനിറ്റ് കഴിഞ്ഞ് ഇറാന് അനുകൂലമായി തുടരെ രണ്ട് കോര്‍ണറുകള്‍ ലഭിച്ചത് ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിയില്‍ ഇറാനുതന്നെയായിരുന്നു മേല്‍ക്കൈയെങ്കിലും കോട്ട കാത്ത് ഇന്ത്യയുടെ പ്രതിരോധവും ഗോളിയും നിറഞ്ഞുനിന്നതോടെ ആദ്യ മണിക്കൂര്‍ നേരം അപകടങ്ങളില്ലാതെ ഗോള്‍മുഖം സുരക്ഷിതമായിനിന്നു.

എന്നാല്‍, 60ാം മിനിറ്റില്‍ അമീര്‍ ഹുസൈന്‍ ഹുസൈന്‍സാദ വല കുലുക്കി ഇറാനെ മുന്നിലെത്തിച്ചു. തുടര്‍ന്നും, അപായം വിതച്ച് ഇറാന്‍ നീക്കങ്ങള്‍ തന്നെയായിരുന്നു കൂടുതലായും മൈതാനം കണ്ടത്. അവസാന വിസിലിനരികെ രണ്ടുവട്ടം കൂടി വല കുലുങ്ങിയതോടെ പട്ടിക പൂര്‍ത്തിയായി. അലി അലിപൂര്‍ഗാര (89), മഹ്ദി തരീമി (90+6) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ഗ്രൂപ് ബിയില്‍ ഇന്ത്യക്ക് അടുത്ത മത്സരം. ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ തമ്മില്‍ സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍. രണ്ടാമന്മാര്‍ തമ്മിലെ പോരാട്ടത്തില്‍ മൂന്നാം സ്ഥാനക്കാരെയും കണ്ടെത്തും.