കൊച്ചി: നവംബറില്‍ കേരളത്തിലെത്തുന്ന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീമും കൊച്ചിയില്‍ പന്തുതട്ടിയേക്കും. നവംബര്‍ മൂന്നാം വാരത്തില്‍, 17നോ 18നോ കേരളത്തില്‍ സൗഹൃദ മത്സരം നടത്താനാണ് സര്‍ക്കാര്‍ ആലോചന. ഈ മത്സരം കൊച്ചിയില്‍ വെച്ച് നടത്താനാണ് ഇപ്പോള്‍ പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.

തുടക്കത്തില്‍ തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും, കളിക്കാര്‍ക്കും വി.വി.ഐ.പികള്‍ക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൊച്ചിയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നതിനാലാണ് ഈ തീരുമാനം. മറ്റൊരു അന്താരാഷ്ട്ര ടീം കൂടി മത്സരത്തില്‍ പങ്കെടുത്താല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും.

അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു.

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടര്‍ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയര്‍ത്തിയത്. അതേ സമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തിയ്യതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാനാണ് നീക്കം.

നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.