പനജി: എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി മത്സരത്തില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്തി അല്‍ നസര്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ അല്‍ നസര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവയെ പരാജയപ്പെടുത്തിയത്. ആഞ്ചെലോ ഗബ്രിയേല്‍, ഹാറൂണ്‍ കമറ എന്നിവരാണ് സൗദി വമ്പന്മാര്‍ക്കായി വല കുലുക്കിയത്. ബ്രൈസണ്‍ ഫെര്‍ണാണ്ടസ് ആണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്. കളി ആരംഭിച്ച് പത്താം മിനുട്ടില്‍ തന്നെ ഗംഭീര ഗോള്‍ നേടി അല്‍ നസര്‍ പോരാട്ടത്തിന്റെ ചൂടും ചൂരും പകര്‍ന്നുനല്‍കി. ഗബ്രിയേല്‍ വകയായിരുന്നു ആദ്യ ഗോള്‍. കാല്‍ മണിക്കൂര്‍ പിന്നിട്ട്, 27ാം മിനുട്ടിലേക്ക് മത്സരം എത്തിയപ്പോള്‍ അതാ വരുന്നു എണ്ണം പറഞ്ഞ രണ്ടാം ഗോള്‍. കമറ വകയായിരുന്നു ആ ഗോള്‍.

ആദ്യ പകുതിയില്‍ തന്നെ ചെറിയ മറുപടി നല്‍കാന്‍ ഗോവക്ക് സാധിച്ചു. 41ാം മിനുട്ടില്‍ ബ്രൈസണ്‍ ഗംഭീര ഗോള്‍ നേടി. അതേസമയം, ഇഞ്ചുറി ടൈമില്‍ ഡേവിഡ് ടിമോര്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ഗോവക്ക് നാണക്കേടായി. പന്തടക്കത്തിലും ഷോട്ടുകളിലും അല്‍ നസര്‍ ബഹുദൂരം മുന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്‍പത് പോയിന്റുമായി മുന്നിലാണ് അല്‍ നസര്‍. ഗോവക്ക് ഇതുവരെ ഒരു മത്സരവും ജയിക്കാനായില്ല. നവംബര്‍ അഞ്ചിനും അല്‍ നസര്‍- ഗോവ ഏറ്റുമുട്ടലുണ്ട്. റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കിലാണ് ഈ പോര്.

മത്സരത്തിന്റെ അവസാന നിഷത്തില്‍ ഡേവിഡ് ടിമോര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ഗോവയുടെ മൂന്നാം തോല്‍വിയാണിത്. നേരത്തെ ഇറാഖില്‍ നിന്നുള്ള അല്‍ സവാര എഫ് സിയോടും തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ് സി ഇസ്റ്റിക്ലോളിനോടും ഗോവ തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫില്‍ ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ 2-1ന് തകര്‍ത്താണ് എഫ് സി ഗോവ എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.