ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2025-26 സീസണ്‍ പുനരാരംഭിക്കുന്നു. ഫെബ്രുവരി 14 മുതല്‍ പന്ത് ഉരുളുമെന്നും ലീഗിലെ മുഴുവന്‍ 14 ക്ലബ്ബുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ ഭാഗമാവുമെന്നും മന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ കായിക മന്ത്രാലയം, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (AIFF), ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത നിര്‍ണായക യോഗത്തിലാണ് മാസങ്ങള്‍ നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. വാണിജ്യ പങ്കാളിയായ എഫ്എസ്എഡില്ലുമായുള്ള (FSDL) കരാര്‍ കാലാവധി സംബന്ധിച്ച സുപ്രീം കോടതിയിലെ നിയമതടസങ്ങളെത്തുടര്‍ന്നാണ് ഇത്തവണത്തെ ഐഎസ്എല്‍ പാതിവഴിയില്‍ നിലച്ചുപോയത്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ടിയിരുന്ന ലീഗ് അനിശ്ചിതമായി നീണ്ടതോടെ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ ഫെഡറേഷന്റെ ഇടപെടല്‍ പോലും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചത്. ഇനിമുതല്‍ എഐഎഫ്എഫ് നേരിട്ടായിരിക്കും ലീഗ് നടത്തുക.

കൊമേര്‍ഷ്യല്‍ പാര്‍ട്‌നറുടെ അഭാവത്തിലാണ് സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാരങ്ങളും ടീം വിടുകയും ക്ലബുകള്‍ തങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ കപ്പ് ജേതാക്കളായ എഫ്സി ഗോവയാണ് ഏറ്റവും അവസാനം പ്രവര്‍ത്തനം നിര്‍ത്തിവെച്ച ക്ലബ്. ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്സി ടീമുകള്‍ നേരത്തെ തന്നെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. സൂപ്പര്‍ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച പോര്‍ച്ചുഗീസ് താരം തിയാഗോ ആല്‍വസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകന്‍ അഡ്രിയാന്‍ ലൂണയും മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബുകളിലേക്ക് ചേക്കേറിയിരുന്നു.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ സിംഗിള്‍ ലെഗ് ഫോര്‍മാറ്റിലായിരിക്കും ഇത്തവണ മത്സരങ്ങള്‍ നടക്കുക. ആകെ 91 മത്സരങ്ങള്‍ ഈ സീസണിലുണ്ടാകും. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, ചെന്നൈയിന്‍ എഫ്സി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം സജീവമായി രംഗത്തുണ്ടാകും. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനം തുക എഐഎഫ്എഫ് നല്‍കും. ക്ലബ്ബുകള്‍ക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാന്‍ ജൂണ്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഐഎസ്എല്ലിനൊപ്പം തന്നെ ഐ-ലീഗും ആരംഭിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ വ്യക്തമാക്കി. ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ പൂര്‍ണ്ണമായ ഫിക്സ്ചര്‍ വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പുറത്തിറക്കും.

നേരത്തേ, ലീഗിന്റെ ഭാവിയില്‍ വ്യക്തത തേടി 12 ഐഎസ്എല്‍ ക്ലബ്ബുകള്‍ സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ടെന്‍ഡറുകള്‍ ലഭിക്കാത്തതിന്റെ കാരണവും ടെന്‍ഡര്‍ നിബന്ധനകളില്‍ വരുത്തേണ്ട മാറ്റവും ബിഡ് ഇവാല്യുവേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് രൂപത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പിന്നാലെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ഈസ്റ്റ് ബംഗാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്തെഴുതിയിരുന്നു. നിലവിലെ അനിശ്ചിതത്വം ഫുട്‌ബോള്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് മുരാരി ലാല്‍ ലോഹ്യ കത്തില്‍ പറഞ്ഞിരുന്നു.

'ഐഎസ്എല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തതയില്ല. ഈ അനിശ്ചിതത്വം വ്യാപകമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്, കായികരംഗത്തിന്റെ സമഗ്രതയെയും ഭാവിയെയും ഇത് ഭീഷണിപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. കോര്‍പ്പറേറ്റ് പിന്തുണയില്‍ ഗുരുതരമായ ഇടിവ് ഉണ്ടായതായി ക്ലബ് ചൂണ്ടിക്കാട്ടി, ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.