ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളം അരങ്ങേറി. എട്ടുതവണ ജേതാക്കളായ പഞ്ചാബിനെ 3-1ന് തകര്‍ത്തു. മുഹമ്മദ് അജ്‌സല്‍ ഇരട്ടഗോളുമായി മിന്നി. എം മനോജും ലക്ഷ്യം കണ്ടു.

ഒന്നാം പകുതിയില്‍ പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരളത്തിന്റെ ഉഗ്രന്‍ തിരിച്ചുവരവ്. അസമിലെ സിലാപത്തര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ജതീന്ദര്‍ സിംഗ് റാണയിലൂടെയാണ് പഞ്ചാബ് ലീഡ് നേടിയത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം കേരളം കളംപിടിച്ചു.

പകരക്കാരായി കളത്തിലെത്തിയ മുഹമ്മദ് സിനാന്റെയും ടി ഷിജിനിന്റെയും പ്രകടനം നിര്‍ണായകമായി. ഇരുവരും ഓരോ ഗോളിന് വഴിയൊരുക്കി. ഗ്രൂപ്പ് ബിയില്‍ 24ന് റെയില്‍വേസുമയാണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ടാം കിരീടമാണ് ടീമിന്റെ ലക്ഷ്യം.