ദിസ്പ്പൂര്‍: പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമി ഫൈനലില്‍ കേരളത്തിനായി മുഹമ്മദ് റിയാസ് രണ്ടും അജ്സല്‍, വിഘ്നേഷ് എന്നിവര്‍ ഓരോ ഗോളും നേടി. കേരളത്തിന്റെ പതിനാറാം ഫൈനല്‍ പ്രവേശനമാണിത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയില്‍ ഒരുഗോള്‍കൂടി നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.

അര്‍ജുന്‍ എടുത്ത കോര്‍ണറിന് തലവെച്ച് അജ്സലാണ് കേരളത്തിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്, പിന്നാലെ ബിബിന്‍ അജയന്റെ പാസിനെ വലയിലെത്തിച്ച് റിയാസ് പി ടി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇടവേളക്ക് പിരിയും മുമ്പ് വിഘ്‌നേഷ് കൂടി ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ കേരളം മൂന്ന് ഗോളിന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഗോള്‍ നേടാന്‍ വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ മൂലം ലക്ഷ്യം കാണാന്‍ ആയില്ല. അവസാന പതിനഞ്ച് മിനുട്ടിലേക്ക് കടക്കുന്നതിനിടെ പഞ്ചാബ് താരം ചുവപ്പ് കാര്‍ഡ് കണ്ടത് കേരളത്തിന് ഗുണമായി. പത്ത് പേരുമായി കളിച്ച പഞ്ചാബിനെതിരെ കേരളം നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയത് ഫലം കണ്ടു, പകരക്കാരനായി ഇറങ്ങിയ സജീഷിന്റെ പാസില്‍ റിയാസ് കേരളത്തിന്റെ നാലാം ഗോള്‍ നേടി.

മറ്റൊരു സെമി ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ഫൈനലിലെത്തിയത്. അഭിഷേക് പവാര്‍ നേടിയ ഇരട്ട ഗോളുകളാണ് സര്‍വീസസിന് വിജയം സമ്മാനിച്ചത്. കേരളവും സര്‍വീസസും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സര്‍വീസസിനായിരുന്നു.