- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം; പോസ്റ്റിലിടിച്ച് മടങ്ങിയ പന്തും പാഴാക്കിയ സുവര്‍ണ്ണാവസരങ്ങളും വിധി നിര്‍ണയിച്ചു; ഒടുവില്‍ കേരളത്തിന്റെ നെഞ്ചുപിളര്‍ത്തി എക്സ്ട്രാ ടൈമില്‍ ആ ഗോള്‍; സന്തോഷ് ട്രോഫി ഫൈനലില്‍ വീണ്ടും കണ്ണീര് മടക്കം; സര്‍വീസസിന് എട്ടാം കിരീടം

ധാക്കുവാഖാന: ക്വാര്‍ട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ പുറത്തെടുത്ത് കളംനിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി. എക്സ്ട്രാ ടൈമില്‍ നേടിയ ഒരു ഗോളിന്റെ ബലത്തില്‍ സര്‍വീസസ് കിരീടമണിഞ്ഞു. 109-ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. കലാശപ്പോരില്‍ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവില്‍ എക്സ്ട്രാ ടൈമില്‍ പിഴയ്ക്കുകയായിരുന്നു. സര്‍വീസസിന്റെയും എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഇത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗാളിനോടായിരുന്നു ഫൈനല്‍ തോല്‍വി.
2024-ല്‍ കിരീടം നേടുകയും കഴിഞ്ഞവര്‍ഷം സെമിയില്‍ കടക്കുകയുംചെയ്ത സര്‍വീസസ് ഇത്തവണയും ആ മികവ് തുടര്‍ന്നു. തുടര്‍ച്ചയായ രണ്ടാംവട്ടമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ ഫൈനല്‍ കളിച്ച കേരളത്തെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ബംഗാളാണ് വീഴ്ത്തിയത്.
ധാക്കുവാഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്. കേരളത്തിനു തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയത് അവര്‍ക്ക് തിരിച്ചടിയായി. തുടക്കംതൊട്ട് കളത്തില്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളത്തിന്റെ ആധിപത്യമായിരുന്നു. കേരളത്തിന്റെ മുന്നേറ്റങ്ങളെ നന്നായി പ്രതിരോധിച്ച സര്‍വീസസിന്റെ പ്രതിരോധ നിരയും മികവ് പുലര്‍ത്തി. സര്‍വീസസിന്റെ ഗോള്‍കീപ്പര്‍ ഗഗന്‍ദീപിന്റെ മികച്ച സേവുകളാണ് പലപ്പോഴും കേരളത്തിന് വിലങ്ങുതടിയായത്.
കേരളത്തിന്റെ പല ഗോള്‍ അവസരങ്ങളും സര്‍വീസസിന്റെ പ്രതിരോധ കോട്ടയില്‍ തട്ടിത്തെറിക്കുകയായിരുന്നു. മത്സരം ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചിരുന്നു. സര്‍വീസസ് മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തെ ഞെട്ടിച്ചു. 27-ാം മിനിറ്റില്‍ വി. അര്‍ജുന്റെ ലോങ് റേഞ്ച് ഷോട്ട് സര്‍വീസസ് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 41 ഷിജിന്റെ ഹെഡര്‍, ബോക്‌സിന് മുകളിലൂടെ പുറത്തേക്ക് പോയി. ഇരു ടീമുകള്‍ക്കും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ആയില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
ആദ്യ ഇലവനില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം. വിഘ്നേഷിന് പകരം ടി. ഷിജിന്‍ പ്ലേയിങ് ഇലവനിലെത്തി. 48ാം മിനിറ്റില്‍ സര്‍വീസസിന്റെ ആക്രമണം. ഇടതു വിങ്ങില്‍നിന്ന് അഭിഷേക് പവാറിന്റെ ക്രോസ്, എന്നാല്‍ സര്‍വീസസ് താരങ്ങള്‍ക്ക് പന്ത് തൊടാനായില്ല; ഗോള്‍ പുറത്തേയക്ക്. 54ാം മിനിറ്റില്‍ കേരളം, ഷിജിനു പകരം വിഘ്‌നേഷിനെ കളത്തിലിറക്കി. 80ാം മിനിറ്റില്‍ അജ്‌സാലിനു ലഭിച്ച അവസരം ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ സാധിച്ചില്ല. കളി ഇന്‍ഞ്ചറി ടൈമിലേക്ക്, പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാന്‍ ഇറങ്ങി. എന്നാല്‍ ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇഞ്ചറി ടൈമിലും വിജയിച്ചില്ല.
നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടനാകാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍, 109ാം മിനിറ്റില്‍ അഭിഷേക് പവാറിന്റെ ഗോളിലൂടെ സര്‍വീസസ് മുന്നിലെത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ അഭിഷേകിന്റെ രണ്ടാം ഗോളാണിത്; ആദ്യ ഗോള്‍ കേരളത്തിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു. ഫൈനലിനു മുന്‍പ് കേരളം തോറ്റ ഏക മത്സരം ഇതായിരുന്നു. ഫൈനലിലും കേരളത്തിന്റെ കിരീട മോഹങ്ങള്‍ തട്ടിത്തെറിപ്പിച്ചത് അതേ അഭിഷേക് തന്നെ.
തുടക്കംതൊട്ട് ആക്രമണത്തിനായി വൈഡ് അറ്റാക്കിങ് ഷേപ്പാണ് കേരളം സ്വീകരിച്ചത്. സര്‍വീസസ് നിരയില്‍ അഭിഷേക് പവാറാണ് കേരള പ്രതിരോധത്തെ പലപ്പോഴും പരീക്ഷിച്ചത്. 57-ാം മിനിറ്റില്‍ പരിക്കേറ്റ ഷിജിന് പകരം കേരളത്തിന് വിഘ്നേഷിനെ കളത്തിലിറക്കേണ്ടി വന്നു. 85-ാം മിനിറ്റില്‍ വിഖ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ടും ഗഗന്‍ദീപ് രക്ഷപ്പെടുത്തി.
ഒടുവില്‍ 109-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നുവന്ന ഒരു ക്രോസാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്. കേരള ഗോള്‍കീപ്പര്‍ തട്ടിയകറ്റിയ പന്ത് നേരേ വീണത് അഭിഷേകിന്റെ കാല്‍പ്പാകത്തിന്. പന്ത് വലയിലെത്തിച്ച് താരം സര്‍വീസസിന് കിരീട വിജയം സമ്മാനിച്ചു. പ്രത്യാക്രമണത്തില്‍നിന്നു കിട്ടുന്ന അവസരങ്ങള്‍ ഞൊടിയിടയില്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള അഭിഷേകിന്റെ മികവാണ് നിര്‍ണായകമായത്.


