കൊച്ചി: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പഞ്ചാബ് എഫ്സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. സീസണില്‍ ആറു മത്സരങ്ങള്‍ കളിച്ച ടീമിന്റെ അഞ്ചാം തോല്‍വിയാണിത്.

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തുടര്‍ച്ചയായി മൂന്ന് തവണ ഹോം ഗ്രൗണ്ടില്‍ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ടീമായി പഞ്ചാബ് മാറി. കഴിഞ്ഞ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ സമനില നേടിയ ബ്ലാസ്റ്റേഴ്‌സിന് കന്നി ജയത്തിനായി ഇനിയും കാത്തിരിക്കണം. ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ 13ാം സ്ഥാനത്താണ്.

മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ സമീര്‍ സെല്‍കോവിച്ചിലൂടെ പഞ്ചാബ് ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 17-ാം മിനിറ്റില്‍ ഒസുജി രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. തിരിച്ചടിക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്സിന് പന്തിനുമേല്‍ കൃത്യമായ നിയന്ത്രണം പുലര്‍ത്താന്‍ ആദ്യ പകുതിയില്‍ പ്രയാസപ്പെട്ടു. സന്ദീപ് തൊടുത്ത മികച്ചൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്സിന് നിര്‍ഭാഗ്യമായി. 37-ാം മിനിറ്റില്‍ ഡാനി റാമിറസ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയില്‍ പഞ്ചാബ് 3-0 ന് മുന്നിലെത്തി.

ലേലത്തില്‍ ആര്‍ക്കും വേണ്ട, നെറ്റ് ബൗളറായി കൊല്‍ക്കത്തയില്‍; പരിശീലന മത്സരത്തില്‍ ഞെട്ടിച്ച് ഇന്ത്യന്‍ പേസര്‍ (വിഡിയോ)

രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്സ് ആക്രമണം ശക്തമാക്കി. ഇതിന്റെ ഫലമായി 64-ാം മിനിറ്റില്‍ ഫാലോ എന്‍ഡിയായെ ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള്‍ മടക്കി. ബോക്‌സിനുള്ളിലെ ക്രോസില്‍ നിന്നായിരുന്നു ഫാലോയുടെ ഹെഡര്‍ ഗോള്‍. ഗോള്‍ മടക്കിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സ് കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പഞ്ചാബിന്റെ സംഘടിതമായ പ്രതിരോധം മറികടക്കാനായില്ല.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കളി കൂടുതല്‍ കടുപ്പമേറിയതായി. ഇന്‍ജുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മര്‍ലോണ്‍ പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്തുപേരായി ചുരുങ്ങി. എട്ട് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.