റിയാദ്: ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ലോകം നീങ്ങുമ്പോള്‍, പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്കും അദ്ദേഹത്തിന്റെ സാന്നിധ്യവുമാണ് കായിക ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചുള്ള ചില ഗോസിപ്പുകളാണ്. 15 വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ 27 വയസ്സുള്ള ഒരു ബ്രസീലിയന്‍ മോഡലുമായി പ്രണയത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരിതെളിച്ചിരിക്കുന്നത്.

ദുബായില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയെന്നും ഇവര്‍ ഡേറ്റിങ്ങിലാണെന്നുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന പ്രധാന അഭ്യൂഹം. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ ഗോസിപ്പുകള്‍ക്ക് കരുത്തേറിയത്. എന്നാല്‍, ഈ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കൗമാരക്കാരനെ, പ്രായത്തില്‍ ഏറെ മുതിര്‍ന്ന ഒരാളുമായി ബന്ധപ്പെടുത്തി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവിശ്വസനീയവും അനുചിതവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

താന്‍ നിലവില്‍ ആരുമായും പ്രണയത്തിലല്ലെന്ന് ക്രിസ്റ്റ്യാനോ ജൂനിയര്‍ മുന്‍പ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. റൊണാള്‍ഡോയുടെ പങ്കാളിയായ ജോര്‍ജീന റോഡ്രിഗസിന്റെ 'ഐ ആം ജോര്‍ജീന' എന്ന റിയാലിറ്റി ഷോയില്‍ തന്റെ സുഹൃത്തുക്കളെ കുറിച്ച് ജൂനിയര്‍ സംസാരിക്കുന്നുണ്ടെങ്കിലും അതെല്ലാം കേവലം സൗഹൃദങ്ങള്‍ മാത്രമാണെന്ന് താരം ഉറപ്പിച്ചു പറയുന്നു. മുന്‍പ് ബാഴ്‌സലോണ താരം ലൂയിസ് സുവാരസിന്റെ മകള്‍ ഡെല്‍ഫിന സുവാരസുമായി ചേര്‍ത്ത് സമാനമായ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിനും യാതൊരു തെളിവുമുണ്ടായിരുന്നില്ല. ക്രിസ്റ്റ്യനോ ജൂനിയറും ഡെല്‍ഫിനയും സമപ്രായക്കാരാണ്. എങ്കിലും ഇവര്‍ ഡേറ്റ് ചെയ്തതിന് യാതൊരു തെളിവുമില്ല. ഇപ്പോള്‍, ബ്രസീലിയന്‍ മോഡലുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പും സമാനരീതിയിലുള്ളതാണ്.

2010 ജൂണ്‍ 17ന് ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയര്‍ ഇപ്പോള്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ഫുട്‌ബോള്‍ ലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്. സൗദി ക്ലബ്ബായ അല്‍ നസറിന്റെ യൂത്ത് അക്കാദമിയില്‍ കളിക്കുന്ന താരം, പോര്‍ച്ചുഗല്‍ അണ്ടര്‍ 16 ടീമിനായും കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചിരുന്നു. മകന്റെ ജൈവിക മാതാവ് ആരാണെന്ന് റൊണാള്‍ഡോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജീന റോഡ്രിഗസിന്റെ സംരക്ഷണയിലാണ് ജൂനിയര്‍ വളരുന്നത്. കുട്ടിയുടെ അമ്മയുടെ പേര് വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മകന്റെ പൂര്‍ണ്ണ സംരക്ഷണം തനിക്കാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ഫുട്‌ബോളില്‍ വലിയ സ്വപ്നങ്ങളുമായി മുന്നേറുന്ന ഈ കൗമാരക്കാരനെ ചുറ്റിപ്പറ്റിയുള്ള ഇത്തരം അനാവശ്യ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലെ അതിപ്രസരത്തിന്റെ ഫലമാണെന്നാണ് ആരാധകരുടെ പക്ഷം.