- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു മത്സരങ്ങളില്‍ നിന്നും വെറും ഒരു പോയന്റ് മാത്രം; കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചാകാന്‍ ആഷ്ലി വെസ്റ്റ്വുഡ്; നിയമനം സീസണ്‍ അവസാനം വരെ; മഞ്ഞപ്പടയുടെ തലവര മാറ്റുമോ?

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഇംഗ്ലീഷുകാരന്‍ ആഷ്ലി വെസ്റ്റ്വുഡിനെ നിയമിച്ചു. സീസണ്‍ അവസാനം വരെയാണ് നിയമനം. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കിയ ഡേവിഡ് കറ്റാലക്കു പകരക്കാരനായാണ് ആഷ്ലി വെസ്റ്റ്വുഡ് എത്തുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച പരിചയസമ്പത്തുള്ള അദ്ദേഹം, ബെംഗളൂരു എഫ്സിയെ ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി അദ്ദേഹം ചുമതലയേറ്റു.
വലിയ ആരാധക പിന്തുണയും പ്രതീക്ഷകളുമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാന്‍ പൂര്‍ണ്ണ ബോധവാനാണ്. വരും ദിവസങ്ങളില്‍ ടീമിനെയും സ്റ്റാഫിനെയും അടുത്തറിയുന്നതിനും കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചുമതലയേറ്റ ശേഷം ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു. കൊച്ചിയിലെത്തിയ ആഷ്ലി വെസ്റ്റ്വുഡ് വരും ദിവസങ്ങളില്‍ ടീം പരിശീലനം പുനരാരംഭിക്കുന്നതോടെ സ്‌ക്വാഡിന്റെ ചുമതലയേല്‍ക്കും.
ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ്വുഡ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്നാണ് കറ്റാലയെ പുറത്താക്കിയത്. അവസാന മത്സരത്തില്‍ പഞ്ചാബ് എഫ്.സിയോട് സ്വന്തം തട്ടകത്തില്‍ വഴങ്ങിയ കനത്ത തോല്‍വിയാണ് കറ്റാലയുടെ പുറത്തുപോക്കിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ കഴിയാത്തതും കറ്റാലക്ക് തിരിച്ചടിയായി. ആരാധകരുടെ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് മാനേജ്മെന്റ് ഈ നിര്‍ണായക തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ കോച്ചും മാനേജ്‌മെന്റും തമ്മില്‍ ധാരണയിലെത്തി. സീസണ്‍ ആരംഭിച്ച് ആറ് മത്സരങ്ങള്‍ പിന്നിടുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അതീവ നിരാശാജനകമായിരുന്നു. ഒരു മത്സരത്തില്‍ സമനില നേടുകയും ബാക്കി അഞ്ചു മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. ആറു മത്സരങ്ങളില്‍ നിന്നായി വെറും ഒരു പോയന്റ് മാത്രമാണ് ടീമിന്റെ സമ്പാദ്യം.
14 ടീമുകളുള്ള ടൂര്‍ണമെന്റിന്റെ പോയന്റ് ടേബിളില്‍ 13ാം സ്ഥാനത്താണ് ടീം. 14 -ാമതുള്ള മുഹമ്മദന്‍സ് എഫ്.സി ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ രണ്ട് മത്സരം കുറവാണ് കളിച്ചത്. ഇത്തവണ ഐ.എസ്.എല്ലില്‍ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കില്‍ ക്ലബ് ഐ.എസ്.എല്ലില്‍ നിന്ന് പുറത്താകാനാണ് സാധ്യത.


