കൊച്ചി: ഹാട്രിക്ക് ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോളം പോന്ന സമനില. പകുതിയിലേറെ സമയവും പത്തുപേരുമായി കളിച്ചാണ് പതിനെട്ടോളം വരുന്ന നോര്‍ത്ത് ഈസ്റ്റിന്റെ ഷോട്ടുകളെ പ്രതിരോധിച്ച് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ ഐബാന്‍ബ ഡോഹ്ലിംഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങിയിരുന്നു.എങ്കിലും രണ്ടാം പകുതിയില്‍ ശക്തമായി പൊരുതിയ നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.എന്നാല്‍ ഇരുടീമുകള്‍ക്കും ഗോള്‍വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റായിരുന്നു മുന്നേറ്റങ്ങളില്‍ മികച്ച് നിന്നത്.എങ്കിലും നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ ആക്രമണങ്ങള്‍ തടഞ്ഞിടാന്‍ കൊമ്പന്മാരുടെ പ്രതിരോധത്തിന് സാധിച്ചു.17 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയി തുടര്‍നീക്കങ്ങളുമായി മുന്നേറിയപ്പോള്‍,മൊറോക്കന്‍ ഗോളടിയന്ത്രം അലാദീന്‍ അജാരെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പിനു നേതൃത്വം നല്‍കിയത്.ഇരു ടീമുകളും ആദ്യ പകുതിയില്‍ തുരുതുരാ ആക്രമണങ്ങള്‍ നയിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് താരം അയ്ബന്‍ബ ദോലിങ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായത്.30ാം മിനിറ്റില്‍ അലാദീന്‍ അജാരെയെ ഫൗള്‍ ചെയ്തതിനായിരുന്നു ഇന്ത്യന്‍ യുവതാരത്തിനെതിരായ നടപടി.ഗ്രൗണ്ടില്‍വച്ച് തര്‍ക്കിക്കുന്നതിനിടെ അലാദീനെ തലകൊണ്ട് ഇടിച്ചതിനാണു റഫറിയുടെ ചുവപ്പ് കാര്‍ഡുയര്‍ത്തിയത്.

പത്തു പേരുമായി ചുരുങ്ങിയതോടെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന്‍ സുരേഷിന്റെ കിടിലന്‍ സേവുകളും മഞ്ഞപ്പടയ്ക്കു രക്ഷയായി.രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി.പക്ഷേ പ്രതിരോധകോട്ടകെട്ടി ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കി.

ബ്ലാസ്റ്റേഴ്സിലേക്കു പുതുതായി എത്തിയ ദുസാന്‍ ലഗതോര്‍ അവസാന മിനിറ്റുകളില്‍ കളത്തിലിറങ്ങി. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്കു പകരക്കാരനായിട്ടായിരുന്നു ലഗതോറിന്റെ വരവ്.സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ മാത്രം സമനിലയാണ് ഇന്നത്തേത്.

ഐഎസ്എല്‍ പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.17 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും മൂന്ന് സമനിലയും എട്ട് തോല്‍വിയും ഉള്‍പ്പെടെ 21 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.17 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുണ്ട്.മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്.