- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ജന്റീനയെ ഞെട്ടിച്ച് അപ്രതീക്ഷിത ട്വിസ്റ്റ്; സമനില പിടിച്ച മെദിനയുടെ ഗോള്‍ ഓഫ് സൈഡ്; മൊറൊക്കോയോട് തോറ്റ് ലോകചാമ്പ്യന്മാര്
പാരീസ്: ഒളിംപിക്സ് മെന്‍സ് ഫുട്ബാളില്‍ ആവേശകരമായ ഇഞ്ചുറി ടൈം ഗോളില്‍ മൊറോക്കോയോട് സമനില പിടിച്ചെന്നു പ്രതീക്ഷിച്ച മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് അപ്രതീക്ഷിത തോല്‍വി. 2-2ന് സമനിലയില്‍ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോള്‍ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം വിധിച്ചതോടെ അര്‍ജന്റീനക്ക് മൊറോക്കോക്കെതിരെ തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര് പരാജയപ്പെട്ടത്.
മത്സരത്തില്‍ 16 മിനിറ്റ് നീണ്ട ഇന്‍ജുറി ടൈമാണ് അനുവദിച്ചത്. അര്‍ജന്റീനന്‍ താരം ക്രിസ്റ്റ്യന്‍ മെദിനയുടെ ഗോളിലൂടെ അര്‍ജന്റീന സമനില പിടിച്ചു. ഇതിന് പിന്നാലെ കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതോടെ മത്സരം തടസ്സപ്പെട്ടു. മത്സരം പൂര്‍ത്തിയായെന്ന് കരുതി ടീമുകള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നീടാണ്, വാര് പരിശോധനയില്‍ മെദിനയുടെ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായത്. പിന്നീട്, ഒരു മണിക്കൂറിന് ശേഷമാണ് ടീമുകള്‍ തിരികെ ഗ്രൗണ്ടിലെത്തി മത്സരം പൂര്‍ത്തിയാക്കിയത്.
രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ തിരിച്ചുവരവ്. 17 മിനിറ്റ് നീണ്ട ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്‍ഡിലാണ് അര്‍ജന്റീന സമനില ഗോള്‍ നേടിയത്. എന്നാല്‍ ഓഫ്സൈഡാണെന്ന് വിധിക്കുകയായിരുന്നു.
ഹാവിയര്‍ മഷരാനോ പരിശീലിപ്പിക്കുന്ന യുവനിര, ജൂലിയന്‍ അല്‍വാരസും നിക്കോളാസ് ഓട്ടോമണ്ടിയുടെയും നേതൃത്വത്തിലാണ് അര്‍ജന്റീന എത്തിയത്. കോപ്പ അമേരിക്ക നേടിയ ആരവത്തിലെത്തിയ അര്‍ജന്റീനയെ വിറപ്പിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആദ്യ ഗോള്‍ നേടി.
ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ സൂഫിയാന് റഹിമി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ റഹിമി രണ്ടാം ഗോളും നേടി അര്‍ജന്റീനയെ ഞെട്ടിച്ചു. 68-ാം മിനിറ്റില്‍ ജ്യൂലിയാനോ സിമിയോണി അര്‍ജന്റീനയെ ഞെട്ടിച്ചു. മത്സരം മൊറോക്കോ വിജയിക്കുമെന്ന ഘട്ടത്തില്‍ അവസാന സെക്കന്ഡുകളില് ക്രിസ്റ്റ്യന്‍ മെദീന (90+16) ലക്ഷ്യം കണ്ടെങ്കിലും ഓഫ് സൈഡെന്ന് വിധിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ യൂറോ ചാമ്പ്യന്മാരായ സ്പെയിന് ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മാര്‍ക് പ്യൂബില്‍, സെര്‍ജിയോ ഗോമസ് എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. ഉസ്ബെസ്ക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ എല്‍ദോര്‍ ഷൊമുറുദോവ് നേടി.