- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവേഫ സൂപ്പര്‍ കപ്പ് പിഎസ്ജിക്ക്; ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ; ടോട്ടന്‍ഹാം മത്സരം കൈവിട്ടത് രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം; സൂപ്പർ കപ്പ് നേടുന്ന ആദ്യ ഫ്രഞ്ച് ടീം
റോം: യുവേഫ സൂപ്പർ കപ്പ് കിരീടം ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) സ്വന്തമാക്കി. ടോട്ടൻഹാം ഹോട്ട്‌സ്‌പുറിനെ ടൈ ബ്രേക്കറിൽ 4-3ന് പരാജയപ്പെടുത്തിയാണ് പിഎസ്ജി കിരീടം ഉറപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 എന്ന നിലയിൽ സമനിലയായതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ 39-ാം മിനിറ്റിൽ മിക്കി വാന്‍ ഡി വെൻ നേടിയ ഗോളിലൂടെ ടോട്ടൻഹാം മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ, 48-ാം മിനിറ്റിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ റൊമേറോ ടോട്ടൻഹാമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് പിഎസ്ജിയുടെ തിരിച്ചുവരവ്. 85-ാം മിനിറ്റിൽ ലീ കാങ്-ഇൻ ലക്ഷ്യം കണ്ടതോടെ പിഎസ്ജി പ്രതീക്ഷകൾ വീണ്ടെടുത്തു. കളിയുടെ അവസാന മിനിറ്റുകളിൽ, അധിക സമയത്തിന്റെ നാലാം മിനിറ്റിൽ ഗോൺസാലോ റാമോസ് ഉസ്മാൻ ഡെംബെലെ നൽകിയ ക്രോസിൽ തലവെച്ചാണ് പിഎസ്ജിക്ക് സമനില നേടിക്കൊടുത്തത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ പിഎസ്ജിക്കായി റാമോസ്, ഡെംബെലെ, ലീ കാങ്-ഇൻ എന്നിവർ ഗോളുകൾ നേടി. നുനോ മെൻഡസ് വിജയഗോൾ നേടി. ടോട്ടൻഹാമിനായി ഡൊമിനിക് സോളാങ്കെ, റോഡ്രിഗോ ബെൻ്റാങ്കൂർ, പെഡ്രോ പോറോ എന്നിവർ ലക്ഷ്യം കണ്ടു. ടോട്ടൻഹാമിനായി വാന്‍ ഡി വെൻ, മതീസ് ടെൽ എന്നിവർക്ക് പെനാൽറ്റി നഷ്ടമായി. പിഎസ്ജിക്ക് വേണ്ടി ആദ്യ കിക്കെടുത്ത വിറ്റിന്യക്ക് പിഴച്ചെങ്കിലും, ടോട്ടൻഹാം താരങ്ങളുടെ പിഴവുകൾ മുതലെടുത്ത് പിഎസ്ജി വിജയം നേടുകയായിരുന്നു. ഈ വിജയത്തോടെ യുവേഫ സൂപ്പർ കപ്പ് നേടുന്ന ആദ്യ ഫ്രഞ്ച് ടീമായി പിഎസ്ജി മാറി. ലൂയിസ് എന്റിക്വയുടെ കീഴിൽ പിഎസ്ജിക്ക് ഇത് മികച്ച തുടക്കമാണ്.