ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ തര്‍ക്കങ്ങളില്‍ ഒന്നായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള താരതമ്യം തുടരുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തോളം, ആര്‍ക്കാണ് മികച്ചതെന്ന ചോദ്യത്തിന് അന്തിമ ഉത്തരമില്ലാതെ, ആരാധകര്‍ തമ്മിലുള്ള ഈ വാദപ്രതിവാദം വീണ്ടും വീണ്ടും ഉയരുന്നു. ഇരുവരും വ്യത്യസ്ത ലീഗുകളില്‍ കളിക്കുന്നതും പോലും ഈ തര്‍ക്കത്തിന് തടസ്സമാകുന്നില്ല; മെസ്സിയാണോ മികച്ചത്, റൊണാള്‍ഡോയാണോ എന്ന് ഫുട്‌ബോള്‍ പ്രേമികളുടെ ചര്‍ച്ചകള്‍ ഇന്നും ഊര്‍ജ്ജിതമാണ്.

ഈ വര്‍ഷം റൊണാള്‍ഡോ ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. പിന്നീട് മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള അക്കൗണ്ടിനുടമയുമായി അദ്ദേഹം കൊളാബ് ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് റൊണാള്‍ഡോയുടെ ചാനലില്‍ ഒരുക്കിയ വീഡിയോയയുടെ ഭാഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പെനാള്‍ട്ടി ഷൂട്ട് മത്സരമായിരുന്നു വീഡിയോയുടെ കണ്ടന്റ്. വീഡിയോക്കിടെ മിസ്റ്റര്‍ ബീസ്റ്റ് 'നോളന്‍ പറയുന്നത്, അവന് നിങ്ങളെ ഇഷ്ടമല്ലെന്നാണ്, നിങ്ങളല്ല ഗോട്ട് എന്നാണ് അവന്‍ വിശ്വസിക്കുന്നത്' എന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ ചൂണ്ടിക്കാട്ടി പറയുന്നു.

നോളന്‍ അറ്റത്ത് നില്‍ക്കുന്ന ആളാണെന്ന് പറഞ്ഞ് ചൂണ്ടിക്കാട്ടി' മെസ്സിയാണ് ഭേദമെന്നാണ് അവന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ' ആരാണ് മെസ്സിയാണ് എന്നേക്കാള്‍ ഭേദമെന്ന് പറഞ്ഞത്?' എന്നായിരുന്നു റൊണാള്‍ഡോ ഇതിന് നല്‍കിയ മറുപടി. പിന്നീട് താരം പൊട്ടി ചിരിക്കുകയും ചെയ്തു. തമാശ രീതിയിലാണ് വീഡിയോ അവതരിപ്പിച്ചതെങ്കിലും മെസ്സിയെ റൊണാള്‍ഡോ കളിയാക്കിയതാണെന്ന് ആരാധകര്‍ വാദിക്കുന്നുണ്ട്. നേരത്തെ പല ഇടങ്ങളില്‍ താന്‍ മെസ്സിയേക്കാള്‍ ഭേദമാണെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നുവെങ്കിലും ഒടുവില്‍ താന്‍ അതിനെ പറ്റി ചിന്തിക്കുന്നില്ലെന്നു പറഞ്ഞിട്ടുണ്ട്. എന്തായാലും താരത്തിന്റെ വീഡിയോ യൂട്യൂബില്‍ ഒരുപാട് വ്യൂസുമായി മുന്നേറുന്നുണ്ട്.