- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫിക്ക് ഇന്ന് കലാശപോരാട്ടം; എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം; ഫൈനലില്‍ എതിരാളികള്‍ ബംഗാള്‍; മത്സരം വൈകിട്ട് 7.30ന് ഹൈദരാബാദില്‍
ഹൈദരാബാദ്: സന്തോഷ് ട്രോഫി കലാശപോരില്‍ ഇന്ന് കേരളം ബംഗാളിനെ നേരിടും. രാത്രി 7.30ന് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇതുവരെ തോല്‍വിയറിയാതെയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മിക്ക മത്സരങ്ങളും വന്‍ മാര്‍ജിനില്‍ ജയിക്കാനായതും കേരള ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മണിപ്പുരിനെതിരെ നാല് ഗോളുകളുടെ വിജയത്തിളക്കവുമായാണ് കേരളം ഫൈനലിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ സര്‍വീസസിനെ 2 ഗോളിന് തോല്‍പ്പിച്ചാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തിയത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ജേതാക്കളായതും ബംഗാളാണ്. ബംഗാള്‍ 46 തവണ ഫൈനലിലെത്തുകയും 32 തവണ ജേതാക്കളാകുകയും ചെയ്തു. ബംഗാളിന്റെ 47ാം ഫൈനലാണിത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ബംഗാളിന്റെ റോബി ഹന്‍സ്ഡയുടെ ആകെ ഗോള്‍ നേട്ടം 11 ആയി.
അതേസമയം 16ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. ഏഴു തവണ ജേതാക്കളായ കേരളം എട്ടാം കിരീടമെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. 8 തവണ കേരളം റണ്ണറപ്പും ആയിരുന്നു. ഹൈദരബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. രാത്രി 7.30 മുതലാണ് മത്സരം തുടങ്ങുന്നത്. ഡിഡി സ്പോര്‍സ് ടിവിയില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
ഗ്രൂപ്പ് ഘട്ടം മുതല്‍ 10 മത്സരങ്ങളില്‍ നിന്നായി 35 ഗോള്‍ അടിച്ചുകൂട്ടിയാണ് കേരളം കലാശക്കളിക്ക് യോഗ്യത നേടിയത്. പരമ്പരാഗത ശക്തികളായ കേരളവും ബംഗാളും അഞ്ചാംതവണയാണ് ഫൈനലില്‍ മുഖാമുഖം കാണുന്നത്. മുമ്പ് നാലുതവണയും ഷൂട്ടൗട്ടാണ് വിജയികളെ നിശ്ചയിച്ചത്. കേരളം രണ്ടുവര്‍ഷംമുമ്പാണ് അവസാന കിരീടം നേടിയത്. ബംഗാള്‍ 2017ലാണ് അവസാനമായി കിരീടം നേടിയത്.