ഹൈദരാബാദ് : സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഇന്ന് ഡല്‍ഹിയെ നേരിടും. ഡെക്കാന്‍ അരീന സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാണ് കേരളം. ഡല്‍ഹി രണ്ടാമതും. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഡല്‍ഹിക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാകാം.

അതേസമയം വിജയമോ, സമനിലയോ നേടിയാല്‍ പോലും ഒന്നാം സ്ഥാനക്കാരായി കേരളത്തിന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കളിക്കാം. നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ കേരളത്തിന് ഇന്ന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും. കൂളായി കളിക്കാനും ഗോളുകള്‍ നേടാനുമാണ് കോച്ച് ബിബി തോമസ് ടീമിന് നിര്‍ദേശം നല്‍കിയത്.

ആറാം സന്തോഷ് ട്രോഫി കളിക്കുന്ന പ്രതിരോധനിര താരം ജി സഞ്ജുവാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. 5-4-1 ശൈലിയിലാണ് കേരളം കളിച്ചത്. മുഹമ്മദ് അജ്സല്‍, ഇ സജീഷ്, ടി ഷിജിന്‍ എന്നിവരാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ സ്ട്രൈക്കര്‍മാരായി ഇറങ്ങിയത്. അജ്സലാണ് മൂന്നു കളികളിലും ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.