ഹൈദരാബാദ്: കേരളഫുട്ബോളിന് ഇത് കണ്ണീരിന്റെ പുതുവത്സരം.8ാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് ഫൈനലില്‍ കാലിടറി.ഇഞ്ചുറി ടൈമിലെ നിര്‍ണ്ണായക ഗോളോടെ ബംഗാള്‍ 33ാം കിരീടത്തില്‍ മുത്തമിട്ടു.ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം കീഴടങ്ങിയത്.ടൂര്‍ണ്ണമെന്റിലെ കേരളത്തിന്റെ ഏക തോല്‍വി കൂടിയാണ് ഫൈനലിലേത്.ഇന്‍ജുറി ടൈമില്‍ (90+3) റോബി ഹന്‍സ്ദ നേടിയ ഗോളിലാണ് ബംഗാള്‍ കേരളത്തില്‍നിന്ന് ജയം പിടിച്ചുവാങ്ങിയത്.

ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്.പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു.11-ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി.നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസലിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു.30-ാം മിനിറ്റില്‍ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു.ഇന്ന് കേരളത്തിന്റെ ദിവസമല്ലേയെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അവയൊക്കെതന്നെയും.ബംഗാളിന്റെ തകര്‍പ്പന്‍ പ്രതിരോധത്തിനൊപ്പം നിര്‍ഭാഗ്യവും കേരളത്തിന് തിരിച്ചടിയായി.

40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു.മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.രണ്ടാം പകുതിയിലും നിരവധി ആക്രമണങ്ങള്‍ കണ്ടു.55ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ക്രോസില്‍ കേരളത്തിനു സുവര്‍ണാവസരം ലഭിച്ചു. നിജോ ഗില്‍ബര്‍ട്ടിന്റെ ക്രോസില്‍ മുഹമ്മദ് അജ്സാലിന്റെ ഷോട്ട്. പക്ഷേ പന്തു വരുന്നതു കണക്കുകൂട്ടിനിന്ന ബംഗാള്‍ ഗോളി സൗരഭ് സമന്ത പന്ത് പിടിച്ചെടുത്തു.58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.ബംഗാള്‍ താരത്തെ കേരള ക്യാപ്റ്റന്‍ സഞ്ജു ഫൗള്‍ ചെയ്തു വീഴ്ത്തിയതിനാണു റഫറിയുടെ നടപടി.

62-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു.പക്ഷേ അതും ലക്ഷ്യം കണ്ടില്ല.മത്സരം 70 മിനിറ്റു പിന്നിട്ടതോടെ പന്ത് കൂടുതല്‍ സമയം കൈവശം വച്ച് ബംഗാളിനെ സമ്മര്‍ദത്തിലാക്കാന്‍ കേരളം ശ്രമം തുടങ്ങി.എന്നാല്‍ 75ാം മിനിറ്റില്‍ കേരളത്തിന്റെ നിജോ ഗില്‍ബര്‍ട്ട് പരുക്കേറ്റ് ഗ്രൗണ്ടില്‍ വീണു.പകരം സെമിയിലെ ഹീറോ മുഹമ്മദ് റോഷല്‍ ഇറങ്ങി.82ആം മിനിറ്റില്‍ കേരള ഗോള്‍മുഖത്ത് അപകടഭീഷണിയുമായി ബംഗാള്‍ താരങ്ങള്‍ തലങ്ങും വിലങ്ങും കറങ്ങി.മൂന്നു കോര്‍ണറുകളാണ് ഈ നീക്കത്തില്‍ കേരളം വഴങ്ങിയത്.88 ആം മിനിറ്റില്‍ കേരളം ഗോളിനടുത്തെത്തി. റോഷന്‍ നല്‍കിയ പാസില്‍ മുഷറഫിന്റെ അടി പക്ഷേ പാളി.

90 ആം മിനിറ്റില്‍ അജ്സലിന് പകരം മുന്നേറ്റത്തിലേക്ക് ഷിജിന്‍ വന്നെങ്കിലും രക്ഷയുണ്ടായില്ല.തുടര്‍ച്ചയായി പരുക്കുകള്‍ കണ്ട രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇന്‍ജറി ടൈമായി ലഭിച്ചത്.ആറു മിനിറ്റ് ഇഞ്ചുറി ടൈമിലേക്ക് കടന്ന കളിയില്‍ രണ്ടു മിനിറ്റ് ശേഷിക്കെ, ഓപണ്‍ ഗെയിമിലൂടെ ബംഗാള്‍ വിജയ ഗോള്‍ കുറിച്ചു.മനതോസ് മാജി നല്‍കിയ പന്ത് പിഴവില്ലാതെ റോബി ഹന്‍സ്ദാ വലയിലാക്കി. അവസാന നിമിഷത്തില്‍ ലഭിച്ച ഫ്രീകിക്കില്‍നിന്ന് സമനില നേടാനായുള്ള അവസരത്തില്‍ സഞ്ജുവിന്റെ ഷോട്ട് പുറത്തുപോവുകയും ചെയ്തു.



ചരിത്രം ആവര്‍ത്തിച്ച് ഇത്തവണയും ഷൂട്ടൗട്ടിലേക്ക് നീങ്ങുമോ എന്നതായിരുന്നു ഏവരും ഉറ്റു നോക്കിയത്.കേരളവും ബംഗാളും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്ന ഫൈനലില്‍ എല്ലാം ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്.1989ല്‍ ഗുവാഹാട്ടിയിലാണ് ഇരുടീമുകളും ആദ്യം ഫൈനലില്‍ ഏറ്റുമുട്ടിയത്.നിശ്ചിതസമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. ബംഗാളിന് ബാബുമണിയും കേരളത്തിന് ഗണേഷനും സ്‌കോര്‍ചെയ്തു.ഷൂട്ടൗട്ടില്‍ 4-3ന് വിജയം ബംഗാളിനൊപ്പം നിന്നു.രണ്ടാമത്തെ പോരാട്ടം 1994-ല്‍ കട്ടക്കിലായിരുന്നു.നിശ്ചതസമയത്ത് സ്‌കോര്‍ 2-2. ബംഗാളിനായി ഐ.എം. വിജയന്‍, സഞ്ജയ് മാജി എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ കേരളത്തിനായി സി.വി. പാപ്പച്ചന്‍ ഇരട്ടഗോള്‍ നേടി.ഷൂട്ടൗട്ടില്‍ 5-3ന് വംഗനാടിന് ജയം.

ഇനിയും തോല്‍ക്കാന്‍ മനസ്സില്ലാതെയാണ് 2018-ല്‍ കൊല്‍ക്കത്തയില്‍ ബംഗാളിനെ നേരിട്ടത്.നിശ്ചിതസമയത്ത് 2-2ന് പിരിഞ്ഞു. കേരളത്തിനായി എം.എസ്. ജിതിന്‍, വിബിന്‍ തോമസ്, ബംഗാളിനായി ജിതന്‍ മുര്‍മു, തിര്‍ഥാങ്കര്‍ ശങ്കര്‍ എന്നിവര്‍ ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ 4-2ന് അവരുടെ തട്ടകത്തില്‍ ആദ്യമായി കേരളത്തിനു ജയം.ഇതിനു മറുപടിപറയാന്‍ 2022-ല്‍ മഞ്ചേരിയില്‍ ബംഗാള്‍ ഫൈനലില്‍ കേരളത്തെ തേടിയെത്തി. പക്ഷേ, ഇരുപതിനായിരത്തിലേറെ കാണികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ബംഗാളിന്റെ അടിതെറ്റി. സ്വന്തം മണ്ണില്‍ കേരളത്തിനു ജയം. 1-1ന് പിരിഞ്ഞ കളി ഷൂട്ടൗട്ടില്‍ 5-4ന് അവസാനിച്ചു. എക്സ്ട്രാ ടൈമില്‍ ബംഗാളിനായി ദിലീപ് ഓറന്‍, കേരളത്തിന് മുഹമ്മദ് സഫ്നാദ് എന്നിവര്‍ ലക്ഷ്യം കാണുകയായിരുന്നു.