- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ട് എന്നൊരു കപ്പെടുക്കും? യൂറോ ഫൈനലിലെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞു ആരാധകര്‍; എങ്ങും നിരാശ, താങ്ങാന്‍ കഴിയുന്നില്ലെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍
ലണ്ടന്‍: യൂറോ കപ്പ് ആര്‍ക്ക് എന്ന ചോദ്യം പോലും ഫുട്ബോള്‍ ഭ്രാന്തന്മാര്‍ എന്ന് പേരുകേട്ട ഇംഗ്ലണ്ട് ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം തലമുറകളായി കാത്തിരുന്ന ഒരു സ്വപ്ന കിരീടമാണ് ഇന്നലെ അവര്‍ ആഗ്രഹിച്ചിരുന്നത്. അത് സാധ്യമാക്കാന്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിയേക്കാള്‍ ടെന്‍ഷന്‍ അനുഭവിക്കുന്ന ജോലി ചെയ്യുന്നയാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീം മാനേജര്‍ ഗാരത് സൗത്‌ഗേറ്റ് മുതല്‍ നഴ്‌സറി കുട്ടികള്‍ വരെ പ്രാര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും തങ്ങളാല്‍ ആവും വിധം ടീമിന് പ്രോത്സാഹനം നല്‍കിയുമാണ് കൂടെ നിന്നത്. പക്ഷെ, വിധി… അവസാന ലാപ്പില്‍ നന്നായി അധ്വാനിച്ചു കളിച്ചിട്ടും കപ്പില്‍ തൊടാനോ മുത്തമിടാനോ വിധി ഇംഗ്ലണ്ടിനെ അനുവദിച്ചില്ല. ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം, അടുത്ത നാലു വര്‍ഷത്തേക്ക്, മറ്റൊരു യൂറോ സീസണ്‍ കടന്നു വരും വരെ.
ഫുട്ബോള്‍ മതവും അതിലെ കളിക്കാര്‍ ദൈവങ്ങളുമായ ഒരു നാട്ടില്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്ന ഒരു കിരീടം കൈവിട്ടുപോയപ്പോള്‍ രാജ്യം ഒന്നാകെ ഉറങ്ങാന്‍ പ്രയാസപ്പെട്ട ഒരു രാവ് കൂടിയാണ് ഇന്ന് ഇരുണ്ടു വെളുത്തിരിക്കുന്നത്. ഇംഗ്ലണ്ട് ജയിച്ച വാര്‍ത്ത കേള്‍ക്കാന്‍ രാത്രി പത്തുവരെ ഉണര്‍ന്നിരുന്ന കുഞ്ഞാരാധകര്‍ വരെ ഇന്ന് സ്‌കൂളില്‍ പോകണമല്ലോ എന്ന സങ്കടത്തോടെയാണ് ഒടുവില്‍ ഉറങ്ങാന്‍ പോയത്. അതേസമയം കളി തോറ്റതിന് ടീമിനെയോ കോച്ച് ഗാരത്തിനെയും തെറി വിളിച്ച് അധിക്ഷേപിക്കാന്‍ ആരും തന്നെ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. എന്നാല്‍ ഫുട്ബോളിനു പിന്തുണ നല്‍കി പ്രിന്‍സ് വില്യമും ടെന്നീസിനു പിന്തുണയായി ഭാര്യ കെയ്റ്റ് വിംബിള്‍ഡണില്‍ എത്തിയപ്പോഴും സ്‌പെയിന്‍ വിജയം ആഘോഷിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പിറന്നത്.
കളി ജയിച്ചാല്‍ ആഘോഷിച്ചു രാവ് വെളുപ്പിക്കണം എന്ന് തീരുമാനിച്ചു പബുകള്‍ പുലരുവോളം തുറന്നിരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സങ്കടത്തോടെയും പ്രയാസത്തോടെയും കളി കഴിഞ്ഞ ശേഷം ആരാധക സംഘങ്ങള്‍ പബുകളില്‍ തുടര്‍ന്നത്. ആദ്യപകുതിയില്‍ അല്‍പം അലസി കളിച്ച ഇംഗ്ലണ്ടിന് രണ്ടാം പകുതിയുടെ ആദ്യ മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നു. കളിയുടെ ഗതി തീരുമാനിച്ച ഗോള്‍ കൂടി ആയിരുന്നു അത്. പിന്നീട് ഇംഗ്ലണ്ട് ആക്രമിച്ചും സ്‌പെയിന്‍ ജാഗ്രതയോടെയും കളിച്ചു മുന്നേറുന്ന കാഴ്ചയാണ് ലോകം കണ്ടത്. എന്നാല്‍ നീണ്ട 25 മിനിറ്റുകളുടെ കാത്തിരിപ്പിനു ശേഷം ഇംഗ്ലണ്ട് സമനില പിടിച്ചു. തുടര്‍ന്ന് ഇരു കൂട്ടരും വാശിയോടെയുള്ള പ്രൊഫഷണല്‍ ഫുട്ബോളിന്റെ മനോഹാരിതയാണ് പുറത്തെടുത്തത്.
ഇടയ്ക്കിടെ ഇംഗ്ലണ്ട് കളിക്കാര്‍ മഞ്ഞക്കാര്‍ഡ് വാങ്ങിച്ചെങ്കിലും അതൊന്നും കളിയുടെ രസച്ചരട് പൊട്ടിക്കുന്നതായിരുന്നില്ല. ഒടുവില്‍ അവസാന മിനിറ്റുകള്‍ മുന്നില്‍ നില്‍ക്കെ സ്‌പെയിന്‍ നേടിയ ലീഡ് ഗോള്‍ ഇംഗ്ലണ്ടിന്റെ വിധി കുറിച്ചിടുകയായിരുന്നു. കളി തീരാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് ലഭിച്ച കോര്‍ണര്‍ കിക്ക് രണ്ടു വട്ടം ഗോളാകും എന്ന പ്രതീക്ഷയുയര്‍ത്തി ഒരാളുടെ തലയില്‍ നിന്നും മറ്റൊരാളുടെ തലയിലേക്ക് എത്തിക്കൊണ്ടിരുന്നെങ്കിലും പന്ത് ഗോള്‍ വലയിലേക്ക് മാത്രം കയറിച്ചെന്നില്ല. ശ്വാസം അടക്കി ആ കാഴ്ച കണ്ടിരുന്ന കണികളാകട്ടെ ഇംഗ്ലണ്ട് തിരിച്ചു വരുന്നില്ല, പൊരുതി മരിച്ചു വീഴുകയാണ് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നത്.
അവസാന നിമിഷങ്ങളില്‍ പൊരുതിക്കളിച്ച ഇംഗ്ലണ്ട് പിടഞ്ഞു വീണതില്‍ മനമുരുകുന്ന കമന്റുകളാണ് യുകെ മലയാളികളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടത്. ഞായറാഴ്ച കുടുംബം ഒന്നാകെ കളികാണാന്‍ ടിവിക്ക് മുന്നില്‍ ഇരുന്ന ശേഷം സങ്കടത്തോടെ ഉറങ്ങാന്‍ പോകേണ്ടി വന്ന വിഷമമാണ് പലരും പങ്കുവച്ചത്. കുട്ടികളാകട്ടെ ഒരു സ്‌കൂള്‍ അവധി മനസ്സില്‍ ഉറപ്പിച്ചു വയ്ക്കുകയും ചെയ്തിരുന്നു, കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളുകളില്‍ ഇംഗ്ലണ്ടിന് വിജയം ആശംസിച്ചു സ്‌പെഷ്യല്‍ ഉച്ചഭക്ഷണം ഒക്കെ കഴിച്ചു മനസ്സില്‍ വിജയത്തിന്റെ വിത്ത് പാകി വന്നവര്‍ക്ക് ഇന്ന് തോല്‍വിയുടെ ഭാരം പേറി സ്‌കൂളിലേക്ക് പോകേണ്ടി വരുന്നത് അല്‍പം സാഹസം തന്നെയാണ്.
അതിനിടെ തോല്‍വിയിലും ടീമിനെ കൈവിടാന്‍ ഇംഗ്ലണ്ടില്‍ പത്രങ്ങളും മാധ്യമങ്ങളും തയ്യാറല്ല. തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തി ടീമിന് തിരിച്ചു വരാനുള്ള വഴി ഒരുക്കിയാണ് ഇന്നത്തെ പ്രഭാത പത്രങ്ങള്‍ എത്തിയിരിക്കുന്നത്. കനത്ത ടെന്‍ഷന്‍ പേറി കളിച്ചതാണ് പ്രധാന കാരണം എന്ന വിലയിരുത്തലാണ് ഡെയിലി മെയില്‍ ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. സമനില പിടിച്ച ഗോള്‍ അതി മനോഹരം ആയിരുന്നു എന്നും പത്രം പറയുന്നു. വിജയികളുടെ ചിത്രത്തിന് പകരം ഹാരി കെയ്‌നിന്റെ ചിത്രം നല്‍കിയാണ് ഡെയ്‌ലി മെയില്‍ ഇംഗ്ലണ്ടിന് ഒപ്പം പാറപോലെ ഉറച്ചു നില്‍ക്കുന്നത്.
തകര്‍ന്നുപോയല്ലോ എന്ന ഒറ്റവാക്കിലൊരു തലക്കെട്ട് നല്‍കിയാണ് ഡെയ്‌ലി മിറര്‍ ഹാരി കെയ്‌നും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിന്‍ഹാമും ഗ്രൗണ്ടില്‍ ഇരുന്നു പരസ്പരം ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഒന്നാം പേജ് നിറയും വിധം മിറര്‍ നല്‍കിയിരിക്കുന്നത്. പത്താം നമ്പറില്‍ ഇറങ്ങിയ ജൂഡ് ബെല്ലിന്‍ഹാമിനെ തന്നെയാണ് ഡെയ്‌ലി ടെലിഗ്രാഫ് ഒന്നാം പേജിന്റെ മുക്കാല്‍ പങ്കും എടുത്തു തോല്‍വിയുടെ ആഴം കാണിക്കുന്നത്. ഇരുകൈകളും തലയ്ക്ക് നല്‍കി എല്ലാം തകര്‍ന്നവനെ പോലെ നടന്നു വരുന്ന ചിത്രം കാഴ്ചക്കാരില്‍ വേദനയാകും എന്ന തിരിച്ചറിവാണ് പത്രം ഇന്ന് വില്‍പനക്ക് എത്തിക്കുന്നത്. സമാനമായ തരത്തില്‍ ജൂഡ് ബെല്ലിന്‍ഹാമിന്റെ മുഴുനീള ചിത്രം ഒന്നാം പേജില്‍ നിറയും വിധമാണ് ഐ പത്രം നല്‍കിയിരിക്കുന്നത്.