- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോം ഗ്രൗണ്ടില്‍ പ്രതിരോധകോട്ട ഉയര്‍ത്തി കാലിക്കറ്റ് എഫ് സി; കാലിക്കറ്റ് എഫ്.സി.-തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍
കാലിക്കറ്റ് എഫ്.സി.-തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കാലിക്കറ്റ് എഫ്.സി.-തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തിരുവനന്തപുരത്തിനായി മുഹമ്മദ് അഷറും കാലിക്കറ്റിനായി റിച്ചാര്‍ഡ് ഓസെയ്യും ഗോള്‍ കണ്ടെത്തി.
ഹോം ഗ്രൗണ്ടില്‍ ആയിരക്കണക്കിന് ആരാധകരുടെ പിന്‍ബലത്തില്‍ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു കളിച്ചത് കാലിക്കറ്റ് എഫ് സിയായിരുന്നു. എന്നാല്‍ ഇടക്കിടെ കൗണ്ടര്‍ അറ്റാക്കുകളുമായി തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി കാലിക്കറ്റ് ഗോള്‍മുഖത്ത് ഭീതി പടര്‍ത്തി. ഒടുവില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്ന കാലിക്കറ്റ് എഫ്‌സിയെ ഞെട്ടിച്ച് മലയാളി താരം മുഹമ്മദ് അഷര്‍ 21-ാം മിനിറ്റില്‍ കൊമ്പന്‍സ് എഫ്‌സിക്കായി ഗോള്‍ നേടി.
മുഹമ്മദ് അഷറിന്റെ കരുത്തുറ്റ ഷോട്ട് ഗോള്‍വല കയറി. ലോങ് ബോള്‍ നിയന്ത്രണവിധേയമാക്കിയ ശേഷം അഷര്‍ തൊടുത്ത ഷോട്ട്, കാലിക്കറ്റ് ഗോള്‍ക്കീപ്പര്‍ വിഷാല്‍ ജൂണിനെ മറികടന്ന് വലയില്‍ പതിച്ചു (1-0).
12 മിനിറ്റുകള്‍ക്കകം കാലിക്കറ്റിന്റെ മറുപടി ഗോളെത്തി. കാലിക്കറ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍നിന്ന് ഹെഡറിലൂടെ പ്രതിരോധ താരം റിച്ചാര്‍ഡ് ഒസെയ് ഗോളാക്കി മാറ്റി. കൊമ്പന്‍സിന്റെ ബ്രസീലിയന്‍ ഗോള്‍ക്കീപ്പര്‍ മൈക്കല്‍ അമേരികൊ തടഞ്ഞിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
രണ്ടാം പകുതിയിലും വീണ്ടും ലീഡെടുക്കാന്‍ തിരുവനന്തപുരം കൊമ്പന്‍സ് കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ കാലിക്കറ്റ് എഫ് സിയുടെ പ്രതിരോധകോട്ട പൊളിക്കാന്‍ കൊമ്പന്‍മാര്‍ക്കായില്ല.
അവസാന 15 മിനിറ്റുകളില്‍ ഇരു ടീമുകളും ത്രസിപ്പിക്കുന്ന നീക്കങ്ങളുമായി ഗോള്‍മുഖം ആക്രമിച്ചെങ്കിലും ഇരു ക്ലബ്ബുകള്‍ക്കും തങ്ങളുടെ ആദ്യ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ജയിച്ചു കയറാനായില്ല. സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ സമനില പോരാട്ടമാണ് ഇന്ന് നടന്ന കാലിക്കറ്റ് എഫ് സി-തിരുവനന്തപുരം കൊമ്പന്‍ എഫ് സി മത്സരം.