കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണ് ഇന്ന് തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റും മുംബൈ സിറ്റി എഫ്‌.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിലാണ് മത്സരം നടക്കുക.

അതേസമയം, ടൂർണമെൻ്റിൻ്റെ മികച്ച രണ്ട് ടീമുകളുടെ പോരാട്ടം കൂടിയാണ് മുംബൈ സിറ്റി, മോഹൻ ബഗാൻ മത്സരം. പുതിയ സീസൺ ആരംഭിക്കുമ്പോൾ ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോർഡുകളുമായാണ് ഇരു ടീമുകളും എത്തുന്നത്. ഐ.എസ്.എൽ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയ ടീം മോഹൻ ബഗാനാണ്. എന്നാൽ കഴിഞ്ഞ നാല് സീസണുകളിൽ നിന്നായി ഒരു ലീഗ് ഷീൽഡും രണ്ട് കിരീടവും നേടാൻ മുംബൈ സിറ്റിക്കായി.

കഴിഞ്ഞ സീസണിലെ ഐ-ലീഗ് വിജയത്തോടെ പ്രമോഷൻ നേടിയ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് ഐ.എസ്.എല്ലിന്റെ പുതിയ സീസണിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ ഈ സീസണിലെ കിരീടത്തിനായി കൊൽക്കത്തയിലെ മൂന്ന് വമ്പന്മാരും മത്സരിക്കും. മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെ കൂടാതെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എഫ്.സി എന്നിവയാണ് മറ്റ് ടീമുകൾ.

കഴിഞ്ഞ വർഷത്തെ ഫോർമാറ്റ് അനുസരിച്ച്, 13 ഐഎസ്എൽ ടീമുകളും പരസ്പരം ഹോം, എവേ മത്സരങ്ങൾ കളിക്കും. ലീഗ് ഘട്ടം അവസാനിക്കുമ്പോൾ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർ ഐഎസ്എൽ ലീഗ് ഷീൽഡ് സ്വന്തമാക്കും.

ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടും, മൂന്ന് മുതൽ ആറ് വരെ സ്ഥാനങ്ങൾ വരെയുള്ള ടീമുകൾ ശേഷിക്കുന്ന രണ്ട് സെമി ഫൈനൽ സ്ഥാനങ്ങൾക്കായി പ്ലേ ഓഫിൽ മത്സരിക്കും.

നിലവിൽ ഡിസംബർ 30 വരെ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലെ ആദ്യ 84 മത്സരങ്ങളാണ് ഈ കാലയളവിൽ നടക്കുക.