- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നില്ല; അർജന്റീനയുടെ കുപ്പായത്തിൽ ലോകചാമ്പ്യന്മാർക്കായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'; ഫുട്ബോൾ ലോകം ആഗ്രഹിച്ച പ്രഖ്യാപനവുമായി ലണയൽ മെസി; 2026 ലോകകപ്പിലും സൂപ്പർ താരം ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ആരാധകർ
ദോഹ: മുപ്പത്തിയാറ് വർഷത്തെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ട് അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിൽ എത്തിച്ചതിന് പിന്നാലെ ഫുട്ബോൾ ആരാധകർ ആഗ്രഹിച്ച നിർണായക പ്രഖ്യാപനവുമായി നായകൻ ലണയൽ മെസി. താൻ അർജന്റീനയുടെ ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്ൽ ഓൺലൈൻ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഞ്ചാം ലോകകപ്പാണ് മെസ്സി ഖത്തറിൽ പൂർത്തിയാക്കിയത്. വർഷങ്ങളായി മുന്നിൽ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. മെസ്സി പറഞ്ഞു. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ വിജയത്തോടെ ഇത് തന്റെ അവസാനത്തെ ലോകകപ്പായിര്ക്കുമെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അർജന്റീന ലോകകിരീടം നേടുന്നത്. അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ഞ്ജൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടി.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അത് താൻ കളി നിർത്തുന്നതല്ലെന്നാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 2006, 2010, 2014, 2018 ലോകകപ്പുകളിൽ താരം പങ്കെടുത്തെങ്കിലും നീലപ്പടക്ക് കിരീടം നേടാനായിരുന്നില്ല. ഒടുവിൽ ഖത്തറിൽ ആ സ്വപ്നം നേടുകയായിരുന്നു.
BREAKING: Lionel Messi reveals he is NOT retiring from Argentina duty https://t.co/sUHEudWA8e pic.twitter.com/vKpLJgsWrJ
- MailOnline Sport (@MailSport) December 18, 2022
'ഇല്ല, ഞാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല,' 'അർജന്റീനയുടെ കുപ്പായവുമായി ലോകകപ്പ് ചാമ്പ്യന്മാരായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' മെസി വെളിപ്പെടുത്തി. അടുത്ത ജനുവരിയിൽ മെസ്സിക്ക് 35 വയസ്സ് തികയും, അടുത്ത ലോകകപ്പ് നടക്കുമ്പോൾ മുപ്പത്തിയെട്ടാം വയസ്സിൽ അർജന്റീനയ്ക്കായി ബൂട്ടുകെട്ടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അടുത്ത കോപ്പ അമേരിക്കയ്ക്ക് രണ്ട് വർഷം കൂടി ബാക്കിയുണ്ട്.
ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജന്റീനൻ നായകൻ അടിച്ചത്. എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജന്റീനയുടെ വല കാത്ത എമിലിയാനോ മാർട്ടിനെസിനാണ്.
ഫൈനലിന് മുമ്പ് അഞ്ചു ഗോളുകളുമായി മെസിയും എംബാപ്പെയും ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലായിരുന്നു. എന്നാൽ ഫൈനലിൽ ഹാട്രിക്കടിച്ച എംബാപ്പെ മെസിയെ മറികടക്കുകയായിരുന്നു. എന്നാൽ എംബാപ്പെയേക്കാൾ കൂടുതൽ അസിസ്റ്റ് മെസിയുടെ പേരിലാണുള്ളത്. ഗോളുകൾ സമനിലയിലായിരുന്നുവെങ്കിൽ അവ പരിഗണിക്കുമായിരുന്നു.
60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങിയിരുന്നത്. എന്നാൽ അവരുടെ സ്വപ്നം പൂവണിഞ്ഞില്ല. അർജന്റീനയുടെ മൂന്നാം കിരീടമാണിത്. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ഇതിന് മുമ്പ് ലോകകിരീടം നേടിയത്. 2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി.
അതേസമയം, ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയർ ദെഷാംപ്സ് മാറി. നേരത്തെ ടീമുകളെ ഒന്നിലധികം ഫൈനലുകളിൽ എത്തിച്ച കോച്ചുമാരിൽ ഒരാൾക്ക് മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. ഇതിഹാസ താരമായ വിറ്റോറിയോ പോസ്സോയുടെ പരിശീലനത്തിലാണ് 1934, 1938 ലോകകപ്പുകളിൽ ഇറ്റലി കിരീടം നേടിയത്. എന്നാൽ ദെഷാംപ്സിന് ഈ റെക്കോർഡിൽ പേര് ചേർക്കാനായില്ല.
കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലിൽ അർജന്റന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജന്റീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.
ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്നം പൊലിഞ്ഞു.
സ്പോർട്സ് ഡെസ്ക്