- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറേബ്യന്‍ മണ്ണില്‍ വീണ്ടുമൊരു കാല്‍പന്ത് മാമാങ്കം; ഖത്തറിന് പിന്നാലെ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ സൗദി അറേബ്യ; 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
ഖത്തറിന് പിന്നാലെ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ സൗദി അറേബ്യ
റിയാദ്: അറേബ്യന്‍ മണ്ണില്‍ വീണ്ടുമൊരു ലോക കാല്‍പന്ത് മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. ഖത്തറിന് ശേഷം ഗള്‍ഫ് തീരദേശത്ത് ലോകകപ്പിന് വീണ്ടും പന്തുരുളും. 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി ഫിഫ പ്രഖ്യാപിച്ചു.
2034 ഫിഫ ലോകകപ്പില്‍ ഖത്തര്‍ ലോകത്തിന് സമ്മാനിച്ചതു പോലെ മറ്റൊരു അവിസ്മരണീയ കായിക കാഴ്ചകള്‍ സൗദിയും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. 2034 ലോകകപ്പിന്റെ ആതിഥേയത്വത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് കാല്‍പന്തിന്റെ മാമാങ്കം വീണ്ടും അറബ് മണ്ണിലേക്ക് എത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമായിരുന്ന ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം അറബ് മണ്ണിലേക്ക് ആദ്യമായി എത്തിച്ചത് ഖത്തര്‍ എന്ന കൊച്ചു രാജ്യമാണ്. ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്ത് 8 സ്റ്റേഡിയങ്ങളിലായി ഒരു മാസം നീണ്ട മത്സരങ്ങള്‍ക്കൊപ്പം ഫാന്‍സോണുകളിലും സുപ്രധാന ഇടങ്ങളിലുമായി നടത്തിയ കായിക, വിനോദ, സാംസ്‌കാരിക, ടൂറിസം ഇവന്റുകളും കാര്‍ണിവലുകളും കാണികളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തെ 'വൈബ്' ആണ് സമ്മാനിച്ചത്.
മധ്യപൂര്‍വ ദേശത്തേക്ക് വീണ്ടുമൊരു ഫിഫ ലോകകപ്പ് എത്തുമ്പോള്‍ തൊട്ടടുത്ത് വീണ്ടുമൊരു ലോകകപ്പ് കാണാമെന്ന സന്തോഷത്തിലാണ് ഗള്‍ഫ്, അറബ് മേഖലകളിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ പ്രേമികള്‍, ഇസ്‌ലാമിക് മൂല്യങ്ങളും നിയമങ്ങളും മുറുകെ പിടിക്കുന്ന സൗദി കായിക ലോകത്തിനായി മികച്ച ഫുട്‌ബോള്‍ സൗഹൃദ രാജ്യമായി മാറുമെന്നാണ് പ്രതീക്ഷ. 'ഒരുമിച്ച് വളരാം' എന്ന മുദ്രാവാക്യമാണ് ആതിഥേയത്വത്തിനുള്ള ബിഡ് പ്രക്രിയയില്‍ സൗദി അടയാളപ്പെടുത്തിയത്.
ഫുട്‌ബോള്‍ ലോകത്തിനായി സൗഹൃദ രാജ്യമായി സൗദി മുന്നേറുമെന്നതിന്റെ ശുഭസൂചന കൂടിയാണിത്. ലോക ഫുട്‌ബോളിലേക്ക് അതിവേഗ വളര്‍ച്ച കൈവരിച്ച രാജ്യങ്ങളിലൊന്നായ സൗദിയുടെ ദേശീയ ഫുട്‌ബോള്‍ സ്ട്രാറ്റജി അധികം താമസിയാതെ പ്രഖ്യാപിക്കും. എല്ലാവര്‍ക്കും വേണ്ടി കായികത്തെ വളര്‍ത്തുകയാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളും ശേഷിയും സൗദിയ്ക്കുണ്ട്.
ലോകകപ്പിന്റെ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ 419/500 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറോടെ യോഗ്യത നേടിയ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ആ ഒരു പ്രഖ്യാപനത്തിനായി രാജ്യവും ജനതയും നാളുകള്‍ മണിക്കൂറുകളായും നിമിഷങ്ങളായും എണ്ണി കാത്തിരിക്കുകയായിരുന്നു. അത്രമേല്‍ ആകാംക്ഷയും ത്രസിപ്പും ഓരോ മുഖത്തും പ്രകടമായിരുന്നു.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഫിഫ അസാധാരണ ജനറല്‍ അസംബ്ലിയില്‍ പ്രസിഡന്റ് ഗിയാനി ഇന്‍ഫെന്റിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോള്‍ ആ ദൃശ്യങ്ങള്‍ റിയാദ് ബോളിവാഡ് സിറ്റിയിലെ പടുകൂറ്റന്‍ സ്‌ക്രീനുകളില്‍ മാത്രമല്ല രാജ്യത്തെ സ്വദേശികളും വിദേശികളുമായ മൂന്നര കോടിയിലേറെ വരുന്ന ജനമനസുകളിലും മിന്നിത്തെളിഞ്ഞു.
25 ടൂര്‍ണമെന്റുകള്‍ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോര്‍ഡ് പോയിന്റുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവും.
അടുത്ത 10 വര്‍ഷം ആ ദൗത്യപൂര്‍ത്തീകരണത്തിനുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ മുഴുകും ഗള്‍ഫിലെ ഈ ഏറ്റവും വലിയ സമ്പന്ന രാജ്യം. സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും കൂര്‍പ്പിച്ച് തുടിക്കുന്ന ഹൃദയങ്ങളുമായി കാത്തിരുന്ന രാജ്യം പ്രഖ്യാപനമുണ്ടായ നിമിഷത്തില്‍ തന്നെ ആഘോഷങ്ങളില്‍ മുഴുകി.
ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ (ഡിസംബര്‍ 11 മുതല്‍ 14 വരെ) രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷത്തിന് തുടക്കം കുറിച്ചു. റിയാദില്‍ രാത്രി 8.30ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ആകാശത്ത് ഡ്രോണ്‍ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ബോളിവാഡ്, അല്‍ ഫൈസലിയ ടവര്‍, മജ്ദൂല്‍ ടവര്‍, അല്‍ രാജ്ഹി ടവര്‍, മിനിസ്ട്രി ഓഫ് ട്രാന്‍സ്പോര്‍ട്ട് ടവര്‍, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂണ്‍ ടവര്‍, മഹദ് അക്കാദമി എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം മാനത്ത് വര്‍ണവിസ്മയം ഒരുക്കി.
ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതല്‍ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസന്‍ വാലി, റോഷന്‍ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും അരങ്ങേറുന്നുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളില്‍ എയര്‍ ഷോയും അരങ്ങേറും.
ഫിഫയുടെ 25ാമത്തെ ലോകകപ്പ് എന്ന നിലയില്‍ അസാധാരണമായ ഇവന്റായിട്ടായിരിക്കും 2034 ലോകകപ്പ് നടക്കുക. ആറ് വന്‍കരകളില്‍നിന്ന് 48 ടീമുകള്‍ പങ്കെടുക്കും. സൗദിയില്‍ അഞ്ച് നഗരങ്ങളില്‍, 15 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക.