- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേരള ടീം ക്യാപ്റ്റൻ പി. പൗലോസ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു അഭിമാന താരം
ആലുവ: സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റനും കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്ന പി. പൗലോസ് (76) അന്തരിച്ചു. ആലുവ നസ്റത്ത് ബംഗ്ലാവ് പറമ്പ് റോഡിൽ പാറയ്ക്കൽ പീറ്ററിന്റെ മകനാണ്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 12 വർഷക്കാലം എറണാകുളം ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം ചൂടിയപ്പോൾ ആ ചരിത്ര ടീമിലെ അംഗമായിരുന്നു പൗലോസ്. തുടർച്ചയായി എട്ട് വർഷക്കാലം സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിൽ അദ്ദേഹം കളിച്ചു. 1979-ൽ കേരള ടീമിനെ നയിച്ചത് പി. പൗലോസ് ആയിരുന്നു. 1993-ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ അസിസ്റ്റന്റ് മാനേജറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫുട്ബാൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കായിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.
കടവന്ത്ര കല്ലു വീട്ടിൽ മേരി പൗലോസാണ് ഭാര്യ. മക്കൾ: രമ്യ അരുൺ, അശ്വതി റോസ്. മരുമക്കൾ: അരുൺ നൈനാൻ, ഡിവിൻ ദേവസി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ നടക്കും. കേരള ഫുട്ബാൾ രംഗത്തെ സമുന്നതനായ ഒരു വ്യക്തിത്വത്തെയാണ് പി. പൗലോസിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.




