- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിംഗ് റേഞ്ചില്‍ തലനാരിഴയ്ക്ക് ഇന്ത്യക്ക് രണ്ടാം മെഡല്‍ നഷ്ടം; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വീരോചിത പോരാട്ടം കാഴ്ചവെച്ച് അര്ജുന് ബബുത
പാരിസ്: പാരിസ് ഒളിംപിക്സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് രണ്ടാം മെഡല്‍ നഷ്ടമായി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്ജുന് ബബുത വീരോചിത പോരാട്ടം കാഴ്ചവെച്ച് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ്, സ്വീഡിഷ്, ക്രൊയേഷ്യന്‍ താരങ്ങളോട് വാശിയേറിയ പോരാട്ടം കാഴ്ചവെച്ചാണ് ബബുത കീഴടങ്ങിയത്. മികച്ച തുടക്കവുമായി അര്ജുന് ബബുത ഒരുവേള രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ സമ്മാനിച്ചിരുന്നു. എന്നാല്‍ 13-ാം ഷോട്ടിലെ നേരിയ പാളിച്ചയാണ് ബബുതയ്ക്ക് തിരിച്ചടിയായത്.
208.4 പോയന്റുമായി അര്ജുന് നാലാം സ്ഥാനത്തായി. സ്റ്റേജ് രണ്ടിലെ അഞ്ചാം റൗണ്ടില്‍ താരം പുറത്താകുകയായിരുന്നു. അഞ്ചാം റൗണ്ടിലെ രണ്ടാം ഷോട്ടില്‍ 9.5 പോയന്റ് സ്കോര്‍ ചെയ്യാനേ താരത്തിനായുള്ളൂ.
മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന അര്ജുന് അവസാന അവസരത്തിലാണു പാളിയത്. ആദ്യ അഞ്ചു ഷോട്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്ജുന് നാലാം സ്ഥാനത്തായിരുന്നു.10 ഷോട്ടുകള്‍ അവസാനിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്കു കയറിയതോടെ പ്രതീക്ഷ വര്‍ധിച്ചു.
അടുത്ത അവസരത്തില്‍ താരം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തെ ചൈനീസ് താരവും അര്‍ജുനും തമ്മില്‍ 0.1 പോയിന്റ് വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത അവസരങ്ങളില്‍ ചൈനീസ് താരം ഷെങ് ലിഹാവു മുന്നിലെത്തി. 17 ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോഴും ചൈനീസ് താരം ഒന്നാമതും ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തും തുടര്‍ന്നു. അടുത്ത അവസരത്തില്‍ അര്ജുന് നാലാം സ്ഥാനത്തേക്കു വീണു.
അവസാന അവസരങ്ങളില്‍ ലക്ഷ്യം പിഴച്ചതാണ് ഇന്ത്യന്‍ താരത്തിനു തിരിച്ചടിയായത്. 2023 ല്‍ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്ജുന് വെള്ളി നേടിയിരുന്നു. 2022 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ടീം ഇനത്തില്‍ അര്ജുന് സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.
അതേ സമയം പാരീസ് ഒളിമ്പിക്സില്‍ മികച്ച പ്രകടനം തുടര്‍ന്ന് വെങ്കല മെഡല്‍ ജേതാവ് മനു ഭാകര്‍. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തില്‍ മനു ഭാകര്‍ - സരബ്ജോത് സിങ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 580 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്.
ദക്ഷിണ കൊറിയയുടെ ഓയെ ജിന്‍ - ലീ വോന്‍ഹോ സഖ്യമാണ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. തുര്‍ക്കിയും സെര്‍ബിയയും സ്വര്‍ണ മെഡലിനായി മത്സരിക്കും. ഒളിമ്പിക് റെക്കോഡിനൊപ്പമെത്തിയ പ്രകടനത്തോടെ 582 പോയന്റും 18 ഇന്നര്‍ 10-ഉം അടക്കമായിരുന്നു തുര്‍ക്കിയുടെ സെവ്വാള് ഇല്യാഡ ടര്‍ഹാന്‍ - യൂസുഫ് ഡിക്കെക് സഖ്യം സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.