ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് സ്വര്‍ണം നേടി ചരിത്രത്തിലിടം നേടിയ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓര്‍ഡര്‍ ബിന്ദ്രയ്ക്ക് സമ്മാനിക്കും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം. ഇന്ന് പാരിസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അടുത്ത മാസം പത്താം തീയ്യതി പാരിസില്‍ വെച്ചു നടക്കുന്ന ഐ.ഒ.സി സെഷനില്‍ വെച്ച് ബിന്ദ്രയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ് ഇനത്തിലെ സ്വര്‍ണ മെഡില്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഉടമ കൂടിയാണ് ബിന്ദ്ര. സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു.

ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്. ഈ മാസം 24-ാം തീയ്യതി ആതിഥേയ നഗരമായ പാരിസിലൂടെയുള്ള ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണത്തില്‍ അദ്ദേഹവും പങ്കെടുക്കും.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓര്‍ഡര്‍ 1975ലാണ് ഏര്‍പ്പെടുത്തിയത്. ഒളിമ്പിക്‌സ് പ്രസ്ഥാനത്തില്‍ നല്‍കുന്ന വിവിധ തരത്തിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. 22 വര്‍ഷം നീണ്ട കരിയറില്‍ 150ല്‍ അധികം മെഡലുകള്‍ നേടിയിട്ടുള്ള അഭിനവ് ബിന്ദ്രയെ രാജ്യം പത്മ ഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

2008 ബെയ്ജിങ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടി അഭിമാനതാരമായി ഉയര്‍ന്നത്. 2006-ലെ ലോക ചാമ്പ്യന്‍ഷിപ്പും ഇതേ ഇനത്തില്‍ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ ബിന്ദ്ര ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി.