മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം ചൂടി സ്‌പെയിന്റെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസ്. ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് അൽക്കരാസ് തൻ്റെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്. ഈ വിജയത്തോടെ, 22 വയസ്സിൽ കരിയർ ഗ്രാൻഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അൽക്കരാസ് സ്വന്തം പേരിൽ കുറിച്ചു. ജോക്കോവിച്ചിൻ്റെ 25 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന സ്വപ്‌നത്തിനും ഈ തോൽവി തടയിട്ടു.

നാലു സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ടെന്നിസ് ഇതിഹാസത്തെ അൽക്കരാസ് കീഴടക്കിയത്. റോഡ് ലേവർ അരീനയിൽ നടന്ന ഫൈനലിൽ 2-6, 6-2, 6-3, 7-5 എന്ന എന്ന സ്‌കോറിനാണ് ജയം. മത്സരം മൂന്ന് മണിക്കൂർ രണ്ട് മിനിറ്റ് നേരം നീണ്ടുനിന്നു. സ്വന്തം നാട്ടുകാരനും ഇതിഹാസവുമായ റാഫേൽ നദാലിൻ്റെ റെക്കോർഡാണ് അൽക്കരാസ് ഇതോടെ പഴങ്കഥയാക്കിയത്. നദാൽ 24 വയസ്സിലാണ് കരിയർ ഗ്രാൻഡ് സ്ലാം നേടിയതെങ്കിൽ, അൽക്കരാസ് ഈ നേട്ടം 22-ാം വയസ്സിൽ സ്വന്തമാക്കി.

രണ്ട് ഫ്രഞ്ച് ഓപ്പൺ, രണ്ട് വിംബിൾഡൺ, രണ്ട് യുഎസ് ഓപ്പൺ കിരീടങ്ങൾ ഇതിനോടകം നേടിയിട്ടുള്ള അൽക്കരാസിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഒരു സ്വപ്നമായിരുന്നു. ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച താരം, കിരീടം നേടിക്കൊണ്ട് തൻ്റെ ഏഴാമത്തെ ഗ്രാൻഡ് സ്ലാം നേട്ടം പൂർത്തിയാക്കുകയും ചെയ്തു.

മറുവശത്ത്, ചരിത്രത്തിലാദ്യമായാണ് നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോൽവി വഴങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുൻപ് 10 ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ച്, 11-ാം കിരീടവും 25-ാം ഗ്രാൻഡ് സ്ലാം നേട്ടവുമാണ് ഈ വർഷം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഒരിക്കൽക്കൂടി ആ സ്വപ്നം യാഥാർത്ഥ്യമാകാതെ താരം മടങ്ങി.

നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിലായിരുന്നു അൽക്കരാസിൻ്റെ വിജയം. അതിവേഗ ഗെയിം പുറത്തെടുത്ത അൽക്കരാസിന് മുന്നിൽ പലപ്പോഴും പ്രായം ജോക്കോവിച്ചിന്റെ മുന്നേറ്റത്തെ ബാധിച്ചു. ആദ്യ സെറ്റ് 2-6 എന്ന സ്കോറിന് ജോക്കോവിച്ച് നേടിയെങ്കിലും, പിന്നീട് അൽക്കരാസ് മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.