ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ മറക്കാനാവാത്ത പ്രകടനവുമായി ഇന്ത്യ. ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ 107 മെഡലുകൾ സ്വന്തമാക്കി. ഇതിൽ 28 സ്വർണ മെഡലുകൾ നേടിയത് റെക്കോഡാണ്. അതിനൊപ്പം 38 വെള്ളി മെഡലും, 41 വെങ്കല മെഡലും. പുരുഷ-വനിതാ ടീമുകളുടെ കബഡിയിലും, പുരുഷ ക്രിക്കറ്റിലും, പുരുഷന്മാരുടെ ബാഡ്മിന്റൺ ഡബിൾസിലും നേടിയ സ്വർണ മെഡലുകൾ ഇന്ത്യയുടെ കുതിപ്പിന് തിളക്കം നൽകി. ഏഷ്യൻ ഗെയിംസിന് ഞായറാഴ്ചയാണ് കൊടിയിറങ്ങുന്നത്. എന്നാൽ ഞായറാഴ്ച ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നുമില്ല. ഇതോടെ ഇന്ത്യയുടെ പോരാട്ടങ്ങൾ ഔദ്യോഗികമായി അവസാനിച്ചു. അതേസമയം, പാക്കിസ്ഥാന് ഒരു വെള്ളിയും, രണ്ടുവെങ്കലവും അടക്കം മൂന്നു മെഡലുകൾ മാത്രമാണ് നേടാനായത്.

പുരുഷ ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യ സ്വർണമണിഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ ക്രിക്കറ്റ് ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുൻതൂക്കം പരിഗണിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ മെഡലുകളുടെ എണ്ണം 28 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ നാടകീയ ഫൈനലിനൊടുവിൽ ഇന്ത്യ സ്വർണം സ്വന്തമാക്കുകയായിരുന്നു. കരുത്തരായ ഇറാനെ 33-29 എന്ന സ്‌കോറിന് മറികടന്നാണ് ഇന്ത്യൻ ടീമിന്റെ സ്വർണ നേട്ടം. അതേ സമയം ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യ സ്വർണം നേടി.

ഡബിൾസ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് (21 -18, 21 - 16) ഇന്ത്യൻ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

പുരുഷ കബഡി ഫൈനലിൽ ടീമുകളുടെ പ്രതിഷേധത്തെ തുടർന്ന് മത്സരം താത്കാലികമായി റദ്ദാക്കിയിരുന്നു. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെയാണ് വിവാദ സംഭവങ്ങൾക്ക് തുടക്കം. ഇരു ടീമും 28 പോയന്റ് വീതം നേടി തുല്യത പാലിച്ചിരിക്കേ ഇന്ത്യൻ താരം പവൻ ഡു ഓർ ഡൈ റെയ്ഡിനിറങ്ങി. ഇന്ത്യൻ താരത്തെ ഇറാൻ താരങ്ങൾ പിടിച്ചെങ്കിലും ഇറാൻ താരങ്ങളെ സ്പർശിക്കും മുമ്പ് താൻ ലൈനിന് പുറത്തുപോയതായി പവൻ അവകാശപ്പെട്ടു.

നാല് ഇറാൻ പ്രതിരോധ താരങ്ങൾ പുറത്തുപോയ പവനെ സ്പർശിച്ചതിനാൽ ഇന്ത്യ നാല് പോയന്റ് അവകാശപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച റഫറി ഇരു ടീമിനും ഓരോ പോയന്റ് വീതം നൽകിയെങ്കിലും ഇന്ത്യ നാല് പോയന്റ് നൽകണമെന്ന് വാദിച്ച് പ്രതിഷേധിച്ചു. ഇതോടെ റഫറി ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനം മാറ്റി. പിന്നാലെ ഇറാൻ ടീം പ്രതിഷേധവുമായി കോർട്ടിൽ കുത്തിയിരുന്നു.

പ്രതിഷേധങ്ങളെ തുടർന്ന് മത്സരം അനിശ്ചിതത്വത്തിലായതോടെ അധികൃതർ ഇടപെട്ട് മത്സരം താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് മൂന്നും ഇറാന് ഒരു പോയന്റും അനുവദിച്ച് കളി പുനരാരംഭിച്ചു. പിന്നാലെ രണ്ട് പോയന്റ് കൂടി നേടി ഇന്ത്യ സ്വർണം ഉറപ്പാക്കി.

പുരുഷ ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാൻ 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തിൽ 49 റൺസെടുത്തു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഗുൽബദിൻ നായിബ് 24 പന്തിൽ 27 റൺസെടുത്തു.

മഴ ശക്തമായി തുടർന്നതോടെ കളി ഉപേക്ഷിക്കാൻ ഏഷ്യൻ ഗെയിംസ് സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. നേരത്തെ വനിതാ ടീം ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചിരുന്നു. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം റുതുരാജ് ഗെയ്ക്വാദിനും സ്വന്തമായി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അഫ്ഗാനെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുകെട്ടി. ഓപ്പണർ സുബൈദ് അക്‌ബാരിയെ(5) വീഴ്‌ത്തിയ ശിവം ദുബെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മറ്റൊരു ഓപ്പണറായ മുഹമ്മദ് ഷെഹ്സാദിനെ(4) അർഷ്ദീസ് സിങ് പുറത്താക്കി. നൂർ അലി സർദ്രാൻ റണ്ണൗട്ടയതോടെ 12-3ലേക്ക് കൂപ്പുകുത്തിയ അഫ്ഗാനെ ഷദീഹദുള്ള കമാലിന്റെ ഒറ്റയാൾ പോരാട്ടമാണ് 100 കടത്തിയത്.

43 പന്തിൽ കമാൽ 49 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 15 റൺസെടുത്ത അഫ്സർ സാസായിയും 27 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഗുൽബാദിൻ നൈബും അഫ്ഗാനെ കരകയറ്റി. 52-5ലേക്ക് കൂപ്പുകുത്തിയശേഷം നൈബും കമാലും ചേർന്നാണ് കൂടുതൽ നഷ്ടങ്ങളില്ലാതെ അഫ്ഗാനെ 112ൽ എത്തിച്ചത്.

ഇന്ത്യക്കായി അർഷ്ദീപ് സിങ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പാക്കിസ്ഥാനെ തകർത്തായിരുന്നു അഫ്ഗാൻ ഫൈനലിലെത്തിയത്.

വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ കീഴടക്കി. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനോടും തോറ്റിരുന്നു. വെങ്കലം നേടാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ പാക്കിസ്ഥാനെ ശനിയാഴ്ച ആറു വിക്കറ്റിനാണ് ബംഗ്ലാദേശ് വീഴ്‌ത്തിയത്. മഴ മൂലം വൈകിയാണ് മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടം തുടങ്ങിയത്.

ഇരു ടീമുകൾക്കും അഞ്ച് ഓവറുകൾ വീതമായി വെട്ടിച്ചുരുക്കിയാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 48 റൺസ്. പാക്ക് ഇന്നിങ്സിനു ശേഷം വീണ്ടും മഴയെത്തി. പിന്നീട് കളി തുടങ്ങിയപ്പോൾ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം അഞ്ച് ഓവറിൽ 65 റൺസായി പുനർനിർണയിച്ചു. അവസാന ഓവറിലെ തകർപ്പൻ പ്രകടനത്തോടെ ബംഗ്ലാദേശ് വിജയത്തിലെത്തുകയായിരുന്നു.