പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ബോക്സര്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതകളുടെ 75 കിലോഗ്രാം പ്രീക്വാര്‍ട്ടറില്‍ നോര്‍വേയുടെ സുന്നിവ ഹോഫ്സ്റ്റാഡിനെ അനായാസം തോല്‍പിച്ചാണ് ലോവ്‌ലിന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. പാരിസില്‍ മെഡല്‍ ഉറപ്പിക്കാന്‍ ലോവ്‌ലിനയ്ക്ക് ഒരൊറ്റ ജയം കൂടി മതി.

പാരിസ് ഒളിംപിക്സില്‍ ബോക്സിംഗിലെ ആദ്യ മെഡല്‍ സ്വപ്നം കാണുകയാണ് ലോവ്‌ലിന ബോര്‍ഗോഹെയ്‌നിലൂടെ ഇന്ത്യ. വനിതകളുടെ 75 കിലോഗ്രാം പ്രീക്വാര്‍ട്ടറില്‍ നോര്‍വേ താരം സുന്നിവ ഹോഫ്സ്റ്റാഡിനെതിരെ 5-0ന്റെ ആധികാരിക ജയവുമായി ലോവ്‌ലിന ക്വാര്‍ട്ടറിലെത്തി. എല്ലാ വിധികര്‍ത്താക്കളും ലോവ്‌ലിനയ്ക്ക് (9/10) അനുകൂലമായി പോയിന്റുകള്‍ നല്‍കി. ക്വാര്‍ട്ടറില്‍ ചൈനയുടെ ലി ചിയാനാണ് ലോവ്‌ലിനയുടെ എതിരാളി. ടോപ്സീഡായ ചിയാനെതിരെ ലോവ്‌ലിന ബോര്‍ഗോഹെയ്‌ന് പോരാട്ടം കടുത്തേക്കും. ഇതില്‍ ജയിച്ചാല്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌ന് പാരിസില്‍ മെഡല്‍ ഉറപ്പിക്കാം.

പാരിസില്‍ മെഡല്‍ നേടാനായാല്‍ രണ്ട് ഒളിംപിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ എന്ന റെക്കോര്‍ഡ് ലോവ്‌ലിന ബോര്‍ഗോഹെയ്‌ന് സ്വന്തമാകും. 2020ലെ ടോക്യോ ഒളിംപിക്സില്‍ വെല്‍റ്റെര്‍വെയ്റ്റ് വിഭാഗത്തില്‍ ലോവ്‌ലിന വെങ്കലം നേടിയിരുന്നു. അന്ന് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും ടോക്യോയിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ തുര്‍ക്കി താരം ബുസേനാസ് സര്‍മെനെലിയോടാണ് തോറ്റത്.

പാരിസ് ഒളിംപിക്സിന്റെ അഞ്ചാം ദിനം പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പോസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാമതെത്തിയാണ് സ്വപ്നില്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യം സെന്നും പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ കൂബ്ബയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് സിന്ധു പ്രീക്വാര്‍ട്ടറിലെത്തിയത്. അതേസമയം ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നാണ് ലക്ഷ്യയുടെ മുന്നേറ്റം.