- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ ഫെന്‍സിംഗില്‍ വീരോചിത പോരാട്ടം; ഒളിമ്പിക്‌സ് വിജയത്തിന് പിന്നാലെ ഈജിപ്ഷ്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍
പാരിസ്: ഒളിംപിക്സ് വേദികള്‍ പലപ്പോഴും വീരോചിത പോരാട്ടങ്ങള്‍ക്കും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കും വേദിയാകാറുണ്ട്. എന്നാല്‍ ഈജിപ്തിന്റെ വനിതാ ഫെന്‍സിങ് താരം നദ ഹഫീസിന് ഇത്തവണത്തെ ഒളിമ്പിക്‌സ് വലിയ പ്രത്യേകതയുണ്ട്. മത്സരങ്ങള്‍ക്ക് പിന്നാലെ താരം താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങള്‍ക്കപ്പുറം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോള്‍ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും ഒന്നിച്ച് പങ്കെടുത്ത ഒരു ഒളിമ്പിക്‌സ് കഥയാകും.
ഏഴ് മാസം ഗര്‍ഭിണിയായിരിക്കേ ഈജിപ്ഷ്യന്‍ താരം നാദ ഹാഫെസ് ഫെന്‍സിംഗ് പോലെ അപകടകാരിയായ ഒരു മത്സരത്തില്‍ പോരാട്ടത്തിനിറങ്ങി എന്നതാണ് പാരിസ് ഒളിംപിക്സിലെ ഏറ്റവും വലിയ വിശേഷങ്ങളിലൊന്ന്. ഉള്ളില്‍ ജീവന്റെ തുടിപ്പും വഹിച്ച് താരം ഫെന്‍സിങ് സാബ്‌റെ ഇനത്തില്‍ പ്രീക്വാട്ടറിലെത്തി കൈവരിച്ച വിജയം കായിക ലോകത്ത് അത്ഭുതവും ചര്‍ച്ചയുമാകുകയാണ്. മൂന്ന് തവണ ഒളിമ്പിക്‌സില്‍ മാറ്റുരച്ച 26 കാരിയായ നദയുടെ ഏറ്റവും മികച്ച പ്രകടനം ഇത്തവണത്തെയാണ്. ലോക പത്താം നമ്പര്‍ അമേരിക്കയുടെ എലിസബേത്ത് തര്‍ട്ടകോവിസ്‌കിയെ തോല്‍പിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നെങ്കിലും അവിടെ ദക്ഷിണ കൊറിയന്‍ താരത്തോട് നദ ഹഫീസ് പരാജയപ്പെട്ടു
പാരിസ് ഒളിംപിക്സിലെ വനിതകളുടെ ഫെന്‍സിംഗില്‍ ഈജിപ്തിന്റെ നാദ ഹാഫെസ് മത്സരിക്കുമ്പോള്‍ ഉദരത്തില്‍ രണ്ട് കുഞ്ഞിക്കാലുകളുമുണ്ടായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയാരിക്കേയാണ് ഫെന്‍സിംഗ് പോലെ അപകടകാരിയായ ഒരു മത്സരയിനത്തില്‍ പോരടിക്കാന്‍ ഇരുപത്തിയാറ് വയസുകാരിയായ നാദ ഇറങ്ങിയത്. പാരിസിലെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ഹായങിനെതിരെ അങ്കത്തിന് ശേഷമാണ് താന്‍ ഗര്‍ഭിണിയാണ് എന്ന വിശേഷം നാദ ഹാഫെസ് ഇന്‍സ്റ്റഗ്രാമിലൂടെ കായിക ലോകത്തെ അറിയിച്ചത്.
'രണ്ട് താരങ്ങളെയാണ് നിങ്ങള്‍ കളത്തില്‍ കണ്ടത്. എന്നാലവര്‍ മൂന്ന് പേരുണ്ടായിരുന്നു. അത് ഞാനും, എന്റെ എതിരാളിയായ താരവും, ലോകത്തേക്ക് കടന്നുവരാനിരിക്കുന്ന എന്റെ കുഞ്ഞുമായിരുന്നു. ഞാനും എന്റെ കുഞ്ഞും ശാരീരികവും മാനസികവുമായി പോരാടി. ഗര്‍ഭകാലം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ ജീവിതത്തിന്റെയും സ്‌പോര്‍ട്സിന്റേയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക ആയാസമെങ്കിലും മഹനീയമാണ്. ഈ ഒളിംപിക്സ് വളരെ പ്രത്യേകതകളുള്ളതാണ്. ഒരു ലിറ്റില്‍ ഒളിംപ്യനും കൂടെയുണ്ട്'- എന്നുമുള്ള വൈകാരിക കുറിപ്പോടെയാണ് അതിശയിപ്പിക്കുന്ന വിവരം നാദ ഹാഫെസ് സാമൂഹ്യമാധ്യമങ്ങളിലൂടെ കായികപ്രേമികളെ അറിയിച്ചത്.
നേരത്തെ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ എലിസബത്ത് താര്‍തകോവ്സ്‌കിക്കെതിരെ നാദ ഹാഫെസ് 15-13ന് വിജയിച്ചിരുന്നു. പ്രീക്വാര്‍ട്ടറിലാവട്ടെ ദക്ഷിണ കൊറിയയുടെ യോന്‍ ഹായങിനോട് പൊരുതിത്തോറ്റ് ഗെയിംസില്‍ നിന്ന് പുറത്തായി. നാദ ഹാഫെസിന്റെ മൂന്നാം ഒളിംപിക്സാണിത്. മുമ്പ് 2016ലെ റിയോ ഒളിംപിക്സിലും 2020ലെ ടോക്കിയോ ഒളിംപിക്സിലും അവര്‍ മത്സരിച്ചിരുന്നു. 2014ലാണ് ഈജിപ്തിന്റെ സീനിയര്‍ വനിതാ ഫെന്‍സിംഗ് ടീമിലെത്തിയത്. രണ്ട് പേര്‍ തമ്മില്‍ നടത്തുന്ന നമ്മുടെ വാള്‍പ്പയറ്റിനോട് സാമ്യതയുള്ള കായികമത്സരമായ ഫെന്‍സിംഗ് ആവേശവും അതേസമയം വലിയ അപകടം സൃഷ്ടിക്കുന്നതുമാണ്.