പാരിസ്: ഒളിംപിക്‌സില്‍ 66 കിലോ വനിതാ വിഭാഗം ബോക്‌സിങ്ങില്‍ ഇറ്റാലിയന്‍ താരം ആന്‍ജല കരീനി 46 സെക്കന്‍ഡില്‍ ഇടിയേറ്റ പിന്‍വാങ്ങിയ സംഭവത്തില്‍ വിവാദം കത്തുന്നു. എതിരാളി അല്‍ജീരിയയുടെ ഇമാന്‍ ഖലീഫില്‍ നിന്ന് മൂക്കിന് ഇടിയേറ്റതിനു പിന്നാലെയാണ് ആന്‍ജല പിന്‍വാങ്ങിയത്. കഴിഞ്ഞവര്‍ഷം രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇമാന്‍ ഖലീഫ് ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.

വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് മത്സരമാണ് ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങള്‍ക്കൊന്നിന് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തില്‍ ജയിച്ച അല്‍ജീരിയന്‍ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയന്‍ താരം ഏഞ്ചല കരിനി അടക്കം രംഗത്തെത്തുകയായിരുന്നു.

മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കില്‍നിന്ന് രക്തം വരുകയും 46 സെക്കന്‍ഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു. പരാജയത്തിന് ശേഷം ഇമാനക്ക് ഹസ്തദാനം നല്‍കാന്‍ കരിനി തയാറായിരുന്നില്ല. ജീവന്‍ രക്ഷിക്കാനാണ് മത്സരത്തില്‍നിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്.

ലിംഗ യോഗ്യതാ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2023ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിന് തൊട്ടുമുമ്പായി താരത്തെ വിലക്കിയിരുന്നു. രക്തത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. തായ്വാന്റെ രണ്ടുതവണ ലോകചാമ്പ്യനായ ലിന്‍ യു ടിംഗിനും ഇതേ കാരണത്താല്‍ വെങ്കലമെഡല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും അനുമതി ലഭിക്കുകയായിരുന്നു.

ഇമാനെക്കെതിരെ സൈബര്‍ ആക്രമണം വ്യാപകമായതോടെ ഒളിമ്പിക്‌സ് അസോസിയേഷന്‍ ന്യായീകരണവുമായി രംഗത്തെത്തി. 'വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാവരും മത്സര യോഗ്യതാ നിയമങ്ങള്‍ പാലിക്കുന്നവരാണ്. അവരുടെ പാസ്പോര്‍ട്ടില്‍ അവര്‍ സ്ത്രീകളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്' -ഐ.ഒ.സി വക്താവ് മാര്‍ക് ആഡംസ് പറഞ്ഞു. തങ്ങളുടെ പ്രധാന താരം ഇമാനെ ഖലിഫിനെതിരെ ചില വിദേശമാധ്യമങ്ങള്‍ വിദ്വേഷമുളവാക്കുന്നതും അധാര്‍മികവുമായ ആക്രമണമാണ് നടത്തുന്നതെന്ന് അള്‍ജീരിയ ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.

അതേസമയം, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രശസ്ത എഴുത്തുകാരി ജെ.കെ റൗളിങ്ങും അടക്കമുള്ളവര്‍ ഒളിമ്പിക്‌സ് അധികൃതര്‍ക്കെതിരെ രംഗത്തുവന്നു. നിങ്ങള്‍ക്ക് ആസ്വദിക്കുന്നതിനായി ഒരു പുരുഷന്‍ സ്ത്രീയെ പൊതുസ്ഥലത്ത് വെച്ച് അടിക്കുന്നതില്‍ കുഴപ്പമില്ലാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് റൗളിങ് ആവശ്യപ്പെട്ടു.

'മത്സരാര്‍ഥിക്ക് പുരുഷ ജനിതക സ്വഭാവങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവരെ സ്ത്രീകളുടെ മത്സരങ്ങളില്‍ ഉള്‍പ്പെടുത്തരുത്. നിങ്ങളോട് വിവേചനം കാണിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടല്ല, മറിച്ച് തുല്യ നിബന്ധനകളില്‍ മത്സരിക്കാനുള്ള വനിത അത്ലറ്റുകളുടെ അവകാശം സംരക്ഷിക്കാനാണ്' -എന്നിങ്ങനെയായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ പ്രതികരണം.

അള്‍ജീരിയന്‍ തെരുവില്‍ ബ്രഡ് വിറ്റ് നടന്നിരുന്ന ഇമാനെ ഒരു കോച്ചിന്റെ ശ്രദ്ധയില്‍ പെടുകയും ബോക്‌സിങ് റിങ്ങിലേക്ക് പിടിച്ചുകയറ്റുകയുമായിരുന്നു. സൈബര്‍ ആക്രമണം ?രൂക്ഷമായതോടെ പെണ്‍കുട്ടിയായ ഇമാനെയുടെ ബാല്യകാല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.