റൂർക്കല: ഹോക്കി ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്ക് വിജയത്തുടക്കം. പൂൾ ഡി മത്സരത്തിൽ സ്‌പെയിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ഒഡീഷ റൂർക്കലയിൽ പുതുതായി നിർമ്മിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം.

അമിത് രോഹിദാസ് (12ാം മിനിറ്റ്), ഹാർദിക് സിങ് (26ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ, ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200ാം ഗോൾ കൂടിയാണ്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.

ഈ വിജയത്തോടെ ഇന്ത്യ പൂൾ ഡിയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാൽ ഗോൾ വ്യത്യാസത്തിൽ അവർ മുന്നിലെത്തി.

ആദ്യ ക്വാർട്ടറിൽ ഇന്ത്യയാണ് ആധിപത്യം പുലർത്തിയത്. നിരന്തരം ആക്രമിച്ച് കളിച്ച് ഇന്ത്യ സ്പാനിഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. 12-ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി കോർണർ വന്നു. എന്നാൽ ഈ അവസരം മുതലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

എന്നാൽ 13-ാം മിനിറ്റിൽ ഇന്ത്യ സ്പാനിഷ് പ്രതിരോധം പൊളിച്ച് ഗോളടിച്ചു. അമിത് രോഹിദാസാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. പെനാൽറ്റി കോർണറിലൂടെയാണ് ഗോൾ പിറന്നത്. ലോകകപ്പിലെ ഇന്ത്യയുടെ 200-ാം ഗോൾ കൂടിയാണിത്. വൈകാതെ ആദ്യ ക്വാർട്ടർ അവസാനിച്ചു

രണ്ടാം ക്വാർട്ടറിൽ 11-ാം മിനിറ്റിൽ സ്പെയിനിന്റെ ഗോളെന്നുറച്ച ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ പതക്ക് അത്ഭുതകരമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഇന്ത്യയുടെ വക അടുത്ത ഗോൾ. 12-ാം മിനിറ്റിൽ ഹാർദിക് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. മികച്ച മുന്നേറ്റത്തിലൂടെയാണ് താരം ഗോളടിച്ചത്.

മൂന്നാം ക്വാർട്ടറിൽ മൂന്നാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സ്പെയിൻ ഫൗൾ നടത്തിയതിനെത്തുടർന്ന് ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി വിദഗ്ധൻ ഹർമൻപ്രീതാണ് ഷോട്ടെടുത്തത്. എന്നാൽ ഹർമന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ അഡ്രിയാൻ റാഫി ഗോൾലൈനിൽ വെച്ച് തടഞ്ഞു. ഇന്ത്യൻ താരങ്ങൾ ഗോളിനായി വാദിച്ചതോടെ റഫറി ഇത് വീഡിയോ റഫറിക്ക് കൈമാറി. റീപ്ലേയിൽ പന്ത് ഗോൾവര കടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയ്ക്ക് ഗോൾ നിഷേധിക്കപ്പെട്ടു. മൂന്നാം ക്വാർട്ടറിൽ മൂന്നിലധികം ഗോളെന്നുറച്ച അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തി.

നാലാം ക്വാർട്ടറിൽ ആക്രമണത്തിന് പകരം പ്രതിരോധത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകിയത്. രണ്ട് ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്താതിരിക്കാൻ ഇന്ത്യ പരിശ്രമിച്ചു. ഒൻപതാം മിനിറ്റിൽ സ്പെയിനിന്റെ പെനാൽറ്റി കോർണർ തട്ടിയകറ്റി പതക് വീണ്ടും അത്ഭുത സേവുമായി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ ഇന്ത്യ വിജയം സ്വന്തമാക്കി.

മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് വെയിൽസിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കും, ഓസ്‌ട്രേലിയ ഫ്രാൻസിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്കും അർജന്റീന ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപ്പിച്ചു. ഫ്രാൻസിനെതിരായ മത്സരത്തിൽ ഓസീസിനായി ജെറെമി ഹെയ്വാർഡ്, ടോം ക്രെയ്ഗ് എന്നിവർ ഹാട്രിക് നേടി.