കണ്ണൂർ: കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 34 -ാംമത് ജിമ്മി ജോർജ് അവാർഡ് ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്ക്ക്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അർജുന അവാർഡ് ജേതാവായ പ്രണോയ് ഇന്ത്യയെ ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ലോക ടൂർസ് ഫൈനൽ റാങ്കിങ്ങിൽ ഈ വർഷം ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

സ്വിസ് ഓപ്പണും യു എസ് ഓപ്പണും നേടിയ താരമാണ്. കോമൺവെൽത്ത് ഗെയിംസിൽ ടീം ഇനത്തിൽ സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കലവും നേടി. ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിരുന്നു. 24 ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ലാണ് അവാർഡ് ഏർപ്പെടുത്തിയത്. ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർമാൻ ജോസ് ജോർജ്, അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.