- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരിക്കും വേഗറാണി! 100 മീറ്റര്‍ സെമിയിലും ഫൈനലിലും പിന്തളളിയത് ലോകചാമ്പ്യനെ; സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്സ് മെഡല്‍ സമ്മാനിച്ച് ജൂലിയന്‍ ആല്‍ഫ്രഡ്
പാരീസ്: പാരീസ് ഒളിമ്പിക്സിലെ വേഗറാണിയായി സെന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രഡ്. കായിക ലോകത്തിന്റെ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ജൂലിയന്‍ ആല്‍ഫ്രഡ് 100 മീറ്ററില്‍ സ്വര്‍ണ്ണത്തിലേക്ക് ഓടിക്കയറിയത്. ഈ അവിശ്വസനീയ പ്രകടനത്തിലൂടെ തന്റെ രാജ്യത്തിന് ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ആദ്യ മെഡല്‍ സമ്മാനിക്കാനും താരത്തിന് സാധിച്ചു.
അമേരിക്കയുടെ ഷക്കാരി റിച്ചര്‍ഡ്സന്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസറും ട്രാക്കില്‍ തീപാറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് സെന്റ് ലൂസിയയില്‍ നിന്ന് 23 കാരിയായ ജൂലിയന്‍ ആല്‍ഫ്രഡ്സ്വര്‍ണമണിഞ്ഞത്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ അമേരിക്കയുടെ ഷക്കാരി റിച്ചര്‍ഡ്സനെയാണ്.10.87 സെക്കന്‍ഡായിരുന്നു ഷക്കാരിയുടെ സമയം. ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ യുഎസിന്റെയും ജമൈക്കയുടെയും കുത്തകയാണ് കരീബിയന്‍ ദ്വീപിലെ കൊച്ചു രാജ്യമായ സെന്റ് ലൂസിയയില്‍ നിന്നെത്തിയ ജൂലിയന്‍ ആല്‍ഫ്രണ്ട് തകര്‍ത്തത്.
3 യുഎസ് താരങ്ങളും ഒരു ജമൈക്കന്‍ താരവും അണിനിരന്ന ഫൈനലില്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡെടുത്തു കുതിച്ചാണ് ജൂലിയന്‍ ആല്‍ഫ്രഡ് സ്വര്‍ണവര തൊട്ടത്. സ്റ്റാര്‍ട്ടിങ്ങില്‍ പാളിച്ച നേരിട്ട ഷാകെറി തുടര്‍ന്ന് അതിവേഗം ഓടിക്കയറിയെങ്കിലും ജൂലിയനൊപ്പമെത്താനായില്ല. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ജൂലിയന്‍ ആദ്യ ഒളിംപിക്സ് സ്വര്‍ണം കഴുത്തിലണിഞ്ഞത്
മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്).രണ്ട് തവണ ഒളിംപിക്‌സ് ചാംപ്യനായ ഷെല്ലി ആന്‍ ഫ്രേസര്‍ സെമിഫൈനല്‍ മത്സരത്തിനു മുമ്പേ പിന്‍മാറിയതോടെ എല്ലാവരുടെയും പ്രതീക്ഷ ഷക്കാരിയിലേക്കു മാത്രമായിരുന്നു.
എന്നാല്‍ ആദ്യ സെമിഫൈനലില്‍ ഷക്കാരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ജൂലിയന്‍ ആദ്യം തന്നെ ഞെട്ടിച്ചിരുന്നു. 10.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ആല്‍ഫ്രഡ് സെമിയിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നറിയത്.
കരിയറിലെ അവസാന ഒളിംപിക്‌സിനെത്തിയ ജമൈക്കന്‍ സൂപ്പര്‍താരം ഷെല്ലി ആന്‍ ഫ്രേസറുടെ അപ്രതീക്ഷിത പിന്‍മാറ്റം ഏവരേയും ഞെട്ടിച്ചു.ഷെല്ലി മത്സരിക്കേണ്ട അഞ്ചാം നമ്പര്‍ ട്രാക്ക് സെമിപോരാട്ടത്തില്‍ ഒഴിഞ്ഞുകിടന്നു.മത്സരത്തിന് മുന്‍പ് വാംഅപ്പിനായി സ്വകാര്യ വാഹനത്തില്‍ ഗ്രൗണ്ടിലേക്ക് എത്തിയ ഷെല്ലിക്ക് സംഘാടകര്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ പിന്‍മാറ്റമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.