- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകരമായ നീക്കങ്ങള്‍ക്ക് ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന ഡിങ്ങ് ലിറന് മറുപടി നിശബ്ദ ധ്യാനം; തുടര്‍ച്ചയായ സമനിലകള്‍ക്ക് ഒടുവില്‍ സമയ സമ്മര്‍ദ്ദത്തില്‍ വീണ ചൈനീസ് താരം; ആ പിഴവ് ഇന്ത്യന്‍ പ്രതിഭയ്ക്ക് ജയമായി; ലോക ചെസ് ഗുകേഷിന് തൊട്ടടുത്ത്; ഇനിയുള്ള മൂന്ന് ഗെയിമിലും തോല്‍ക്കാതിരുന്നാല്‍ പിറക്കുക ചരിത്രം
സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ്. ഇതോടെ ഗുകേഷ് കിരീടം നേടാനുള്ള സാധ്യത കൂടി. ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍, ഗുകേഷിനോട് തോല്‍വി സമ്മതിച്ചത്. ഒന്നര പോയിന്റുകൂടി സ്വന്തമാക്കിയാല്‍ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാം. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാലഞ്ചറാണ് ഗുകേഷ്. മത്സരം ജയിച്ചാല്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെ മറികടക്കും.
വിജയത്തോടെ, ഗുകേഷിന് ആറും ഡിങ് ലിറന് അഞ്ചു പോയിന്റുമാണ് ഉള്ളത്. പതിനാല് പോരാട്ടങ്ങള്‍ അടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്പ്യനാകും. ആദ്യ പോരില്‍ ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നെ ഗുകേഷിന്റെ ത്രസിപ്പിക്കുന്ന വിജയം. ഇതോടെ ഇനിയുള്ള രണ്ടു റൗണ്ടുകളിലെ ഫലം നിര്‍ണ്ണായകമാകും. ഇവിടെ ഒരു ജയം നേടാനായാല്‍ ഗുകേഷിന് കിരീടം കിട്ടും. എല്ലാ റൗണ്ടും സമനിലയില്‍ പിരിഞ്ഞാലും ജയിക്കാം. തോല്‍ക്കാതിരിക്കുക എന്നത് മാത്രമാണ് ഗുകേഷിന് മുമ്പിലുള്ള വെല്ലുവിളി. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് പ്രവചനങ്ങള്‍ക്കപ്പുറമുള്ള സങ്കീര്‍ണയാഥാര്‍ഥ്യമായതിനാല്‍ ഉദ്വേഗജനകങ്ങളായ മൂന്ന് പോരാട്ടദിനങ്ങളാണ് ചെസ് പ്രേമികളെ കാത്തിരിക്കുന്നത്.
ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ പതിനൊന്നാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനെ ഞെട്ടിക്കുകയായിരുന്നു ഗുകേഷ്. ആവേശകരമായി മാറിയ പതിനൊന്നാം ഗെയിമില്‍ ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് മുന്നില്‍ക്കയറി. ശേഷിക്കുന്ന മൂന്നു ഗെയിമുകളില്‍നിന്ന് 1.5 പോയിന്റ് കൂടി നേടിയാല്‍ ഗുകേഷിന് ചാംപ്യനാകാം. അതായത് മൂന്ന് സമനില. തുടര്‍ സമനിലകള്‍ക്കൊടുവില്‍, 11ാം ഗെയിമില്‍ സമയ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ചൈനീസ് താരം വരുത്തിയ പിഴവാണ് ഗുകേഷിന് വിജയത്തിലേക്ക് വഴി തുറന്നത്. ചാംപ്യന്‍ഷിപ്പില്‍ ഗുകേഷിന്റെ രണ്ടാം ജയമാണിത്. ഒരു ഗെയിം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍, ശേഷിക്കുന്ന എട്ടു ഗെയിമുകള്‍ സമനിലയില്‍ അവസാനിച്ചു. ഇനിയുള്ള മൂന്നു ഗെയിമുകളില്‍ തോല്‍വി ഒഴിവാക്കാനായാല്‍ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചാംപ്യനാകാം.
തോല്‍ക്കും എന്ന് ഏകദേശം ഉറപ്പായ സ്ഥിതിയില്‍ നിന്നും അഞ്ചാമത്തെ ഗെയിമിനെ സമനിലയിലേക്ക് കൊണ്ടുവന്ന് ഗുകേഷ് പിന്നീട് പതറിയില്ല. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിലിരിക്കുമ്പോഴും സീറ്റിലിരുന്നുള്ള ധ്യാനമാണ് മനസ്സ് കൈവിട്ടുപോകാതെ കരുക്കള്‍ നീക്കാന്‍ ഗുകേഷിനെ പ്രാപ്തനാക്കുന്നത്. അപകടകരമായ നീക്കങ്ങള്‍ നടത്തിയ ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് ഗുകേഷിനെ നോക്കുന്ന ഡിങ്ങ് ലിറന് ഗുകേഷ് നല്‍കുന്ന മറുപടി നിശ്ശബ്ദ ധ്യാനമാണ്. ഓരോ നീക്കം നടത്തിക്കഴിഞ്ഞാലും സീറ്റില്‍ തന്നെ ഇരുന്നുള്ള ധ്യാനം. ഗുകേഷിന്റെ പതിനൊന്നാം റൗണ്ടിലെ വിജയത്തോടെ ലോക ചെസ് കിരീടപ്പോരാട്ടം കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്.
അടുത്ത ഗെയിമില്‍ ജയിച്ചാല്‍ കാര്യങ്ങള്‍ ഗുകേഷിന് കൂടുതല്‍ അനുകൂലമാകും. 14 ഗെയിമുകളുള്ള മത്സരത്തില്‍ ആദ്യം ഏഴരപോയിന്റ് നേടുന്ന താരം ലോക് ചെസ് ചാമ്പ്യനാകും. 7-7 എന്ന നിലയില്‍ സമനില പാലിച്ചാല്‍ പിന്നെ ഇരുവരും നാല് ഗെയിമുകള്‍ കളിച്ചാണ് അതില്‍ നിന്നും വിജയിയെ തീരുമാനിക്കുക. ഒരു കളി ജയിച്ചാല്‍ 1.68 കോടി രൂപ ലഭിക്കും. ഒന്നാമത്തെ ഗെയിം ജയിച്ച ഡിങ്ങ് ലിറനും മൂന്നാമത്തെ ഗെയിം ജയിച്ച ഗുകേഷിലും 1.68 കോടി രൂപ ലഭിക്കും. ആകെ 20.75 കോടി രൂപയാണ് സമ്മാനത്തുക. ടൂര്‍ണ്ണമെന്റില്‍ വിജയിക്കുന്ന താരത്തിന് 10.75 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 9.96 കോടി രൂപയും ലഭിക്കും. 138 വര്‍ഷത്തെ ലോക ചെസ് ചരിത്രം പരിശോധിച്ചാല്‍ സിംഗപ്പൂരില്‍ നടക്കുന്ന ലോകചെസ് കിരീടപ്പോരിന് ഒരു പ്രത്യേകതയുണ്ട്.
രണ്ട് ഏഷ്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഇതാദ്യമായാണ് നടക്കുന്നത്. അതായത് ചെസ്സിലെ മേല്‍ക്കൈ റഷ്യയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും നഷ്ടപ്പെടുന്നു എന്നര്‍ത്ഥം. ചെസില്‍ വന്‍ ശക്തിയായി മാറുകയാണ് ഇന്ത്യയും ചൈനയും.