പാരീസ്: ഇന്ത്യന്‍ ടേബിള്‍ ടെന്നീസിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായമെഴുതി മനിക ബത്ര.ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ പ്രീക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് മനിക ബത്ര.റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള ഫ്രാന്‍സിന്റെ ഇന്ത്യന്‍ വംശജയായ പ്രിതിക പാവഡെയെ പരാജയപ്പെടുത്തിയാണ് മനിക പ്രീക്വാര്‍ട്ടറിലെത്തിയത്.മികച്ച സര്‍വീസ് ഗെയിം ആണ് ഇന്ത്യന്‍ താരത്തിന്റെ ജയത്തില്‍ നിര്‍ണായകമായത്.

12 സീഡ് ആയ ഫ്രഞ്ച് താരത്തിന് എതിരെ പ്രതീക്ഷിക്കാത്ത നിലയിലുള്ള ആധിപത്യം പുലര്‍ത്തിയായിരുന്നു മണികയുടെ പോരാട്ടം.നാലു ഗെയിമും സ്വന്തമാക്കിയായിരുന്നു 28-ാം റാങ്കുകാരിയായ മനികയുടെ മുന്നേറ്റം.സ്‌കോര്‍: 11-9, 11-6, 11-9, 11-7. ലോക റാങ്കിങ്ങില്‍ 18-ാം സ്ഥാനത്തുള്ള താരമാണ് പ്രിതിക.ഇതോടെ ഒളിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ സിംഗിള്‍സ് പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍താരമെന്ന നേട്ടവും 29-കാരിയായ മനിക സ്വന്തം പേരിലാക്കി.

ഹോങ്കോങ്ങിന്റെ സു ചെങ്ഷു, ജപ്പാന്റെ മിയു ഹിരാനോ മത്സര വിജയിയെയാണ് പ്രീക്വാര്‍ട്ടറില്‍ മനിക നേരിടുക.19-കാരിയായ പ്രിതിക പവാഡെ പുതുച്ചേരി സ്വദേശിയായിരുന്നു. 2003-ലാണ് പ്രിതികയുടെ മാതാപിതാക്കള്‍ ഫ്രാന്‍സിലേക്ക് കുടിയേറുന്നത്.