പാരീസ്: ഇതായിരിക്കും മനു ഭകാര്‍ എന്ന ഇരുപത്തിരണ്ടുകാരിക്കായി കാലം കാത്തുവച്ചത്.ഒരു രാജ്യത്തിന്റെ 124 വര്‍ത്തെ കാത്തിരിപ്പിന് വിരാമമിടാന്‍.അല്ലെങ്കില്‍ എങ്ങിനെയാണ് ഇനി തോക്കുപോലും കൈയ്യിലെടുക്കണമോ എന്ന് ചിന്തിച്ചിടത്തു നിന്ന് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് നാല് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ തന്നെ അഭിമാനാമായി മാറാന്‍ സാധിക്കുക. മനു ഭകാര്‍ എന്ന പേര് ഇനിമുതല്‍ ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തില്‍ തങ്കശോഭയോടെ തിളങ്ങും.

തന്റെ ഫോമിന്റെ പരകോടിയില്‍ നില്‍ക്കുമ്പോഴാണ് മനു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി ടോക്കിയോവിലേക്ക് എത്തുന്നത്.
പക്ഷെ നിര്‍ഭാഗ്യം തോക്കിന്റെ തകരാര്‍ രൂപത്തിലെത്തിയപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണും ഇടറിയ മനസുമായാണ് മനു ടോക്കിയോ വിട്ടത്.ഇനി തോക്ക് കൈയ്യിലെടുക്കണമോ എന്നു പോലും താന്‍ ചിന്തിച്ചിരുന്നുവെന്ന് മനു തന്നെ പിന്നീടൊരിക്കല്‍ തുറന്നു പറഞ്ഞു.
ടോക്കോയോവിലെ കണ്ണൂനിര്‍ പാരീസിലെ പുഞ്ചിരിയാകുമ്പോള്‍ കൂടെപ്പോരുന്നത് ഇനി തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു പിടി റെക്കോര്‍ഡുകളുമാണ്.

ഞായറാഴ്ച്ച 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു.ഈ വെങ്കലമെഡല്‍ കഴുത്തിലണിയു
മ്പോള്‍, നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് താരം കുറിച്ചിരുന്നു.ഇന്ന് രണ്ടാം വെങ്കലത്തിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരു ഒളിമ്പിക്സില്‍ തന്നെ ഇരട്ടമെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മനു സ്വന്തം പോക്കറ്റിലാക്കി.ഇവിടെയും തീര്‍ന്നില്ല..ഇതിനു പുറമേ, എയര്‍ പിസ്റ്റളില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ഷൂട്ടിങ്ങില്‍ രണ്ട് ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ഷൂട്ടിങ് ടീമിനത്തില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യം (സരബ്ജ്യോത് സിങ്ങിനൊപ്പം), വ്യക്തിഗത, ടീമിനങ്ങളില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം തുടങ്ങിയ റെക്കോര്‍ഡുകളും ഇനി മനു ഭാക്കറിനു സ്വന്തം.

1900ത്തിലെ ഒളിംപിക്‌സില്‍ കൃത്യമായി പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷ് ഇന്ത്യന്‍ അത്‌ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്‌ലറ്റിക്‌സില്‍ 2 വെള്ളി മെഡല്‍ നേടിയിരുന്നു.അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.124 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടത്തിലെത്തുന്നത്.പാരിസില്‍ തന്നെയായിരുന്നു ഈ രണ്ടു നേട്ടവും കുറിക്കപ്പെട്ടത് എന്നത് മറ്റൊരു കൗതുകം.

മനുവിന് ഇത് മധുരപ്രതികാരം കൂടിയാണ്.ടോക്കിയോവില്‍ നിന്ന് കണ്ണിരോടെ നാട്ടിലേക്കെത്തിയപ്പോള്‍ അത്ര നല്ല അനുഭവമായിരുന്നില്ല ജന്മനാട്ടില്‍ നിന്നും ലഭിച്ചത്.ഒരു പത്തൊന്‍പത കാരിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് മനുവിന് ആരാധകരില്‍ നിന്നും നേരിടേണ്ടി വന്നത്. ഈ അവസ്ഥയില്‍ നിന്ന് ഒരു മോചനത്തിനായാണ് മനുവും കുടുംബവും കേരളത്തിലേക്ക് വെക്കേഷന് വന്നത്.ചെറായി ബീച്ചിലെ റിസോര്‍ട്ടിലായിരുന്നു അന്ന് താമസം.കുടുംബാംഗങ്ങള്‍ ബീച്ചിലേക്ക് പോയെങ്കിലും മനു മാത്രം മുറിയിലൊതുങ്ങി.റുമില്‍ കുടിക്കാനായി വെച്ച വെള്ളത്തിന്റെ ജഗ് ഉയര്‍ത്തിയപ്പോള്‍ മനുവിന്റെ മനസിലേക്ക് വന്നത് ഷൂട്ടിങ്ങ് താരങ്ങള്‍ പരിശീലന സമയത്ത് ഉയര്‍ത്തുന്ന ഭാരമുള്ള വസ്തുക്കളാണ്.

ഹോള്‍ഡിങ്ങ് പ്രാക്ടീസ് ഓര്‍മ്മ വന്ന മനു നിരാശയൊക്കെ മാറ്റി വെക്കേഷനും ഒഴിവാക്കി അടുത്ത ദിവസം തന്നെ ഡല്‍ഹിയിലേക്ക് പറന്നു.ആ പറക്കലാണ് ഇന്ന് പാരീസിലെ രണ്ടാം വെങ്കല മെഡല്‍ വിതരണച്ചടങ്ങിലെത്തിയിരിക്കുന്നത്.ഇനി രാജ്യവും മനുവിന്റെ കുടുംബവും കാതോര്‍ക്കുന്നത് മറ്റൊരു അത്ഭുതത്തിനാണ്. പാരീസിലെ മനുവിന്റെ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും മനുവിന് മത്സരമുണ്ട്.

ഇവിടെക്കൂടി വിജയക്കൊടി പാറിക്കാനായാല്‍ മനു ഭകാറിന് മെഡല്‍നേട്ടത്തില്‍ ഹാട്രിക് അടിക്കാനും അവസരമുണ്ട്.ആ അപൂര്‍വ്വ നേട്ടത്തിലേക്ക് മനുവിന് വെടിയുതിര്‍ക്കാനാകട്ടെ എന്ന പ്രാര്‍ത്ഥനയിലും ആശംസയിലുമാണ് ഇന്ത്യന്‍ കായിക ലോകം.