ടോക്യോ: ഫോർമുല വൺ കിരീടം നിലനിർത്തി റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പൻ. ജാപ്പനീസ് ഗ്രാൻഡ് പ്രീയിൽ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് കാറോട്ട മത്സരത്തിലെ വേഗരാജാവായി വെസ്തപ്പൻ വീണ്ടും മാറിയത്. കഴിഞ്ഞ സീസണിലും വെസ്തപ്പൻ തന്നെയാണ് കിരീടം നേടിയത്.

113 പോയന്റ് ലീഡുമായാണ് സീസണിലെ നാല് റേസുകൾ ബാക്കിനിൽക്കേ വെസ്തപ്പൻ കിരീടം നേടിയത്. മൈക്കിൾ ഷൂമാക്കറിനും സെബാസ്റ്റ്യൻ വെറ്റലിനും ശേഷം നാല് റേസുകൾ ബാക്കിനിൽക്കേ കിരീടം ചൂടുന്ന ഏക ഡ്രൈവറാണ് വെസ്തപ്പൻ. സാക്ഷാൽ ലൂയി ഹാമിൽട്ടണ് പോലും ഈ റെക്കോഡ് നേടാനായിട്ടില്ല.

ഫെരാരിയുടെ ചാൾസ് ലെക്ലർക്കിനെയും റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസിനെയുമാണ് ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ മാക്സ് പരാജയപ്പെടുത്തിയത്. 18 റേസുകളിൽ നിന്ന് 366 പോയിന്റോടെയാണ് തന്റെ സഹതാരത്തെയും ലെക്ലർക്കിനെ മറികടന്ന് മാക്സ് തന്റെ ലോകചാംപ്യൻഷിപ്പ് നിലനിർത്തിയത്.

ജാപ്പനീസ് ഗ്രാൻഡ്പ്രീയിൽ തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. റെഡ്ബുള്ളിന്റെ സെർജിയോ പെരസ് രണ്ടാമതും ഫെരാരിയുടെ ചാൾസ് ലെക്റെക് മൂന്നാമതും ഫിനിഷ് ചെയ്തു.

2022 സീസണിൽ ഇതുവരെ നടന്ന 18 റേസുകളിൽ 12-ലും വെസ്തപ്പൻ തന്നെയാണ് വിജയിച്ചത്. ഇതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി താരം കിരീടം നേടുകയായിരുന്നു. ഈ മാസം 23ന് നടക്കുന്ന അമേരിക്കൻ ഗ്രാന്റ് പ്രിയാണ് അടുത്ത മത്സരം.