- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കായിക മാമാങ്കത്തിന്റെ സുവർണ ദിനങ്ങൾ; ദേശീയ ഗെയിംസിന് ഗുജറാത്തിൽ വർണാഭമായ തുടക്കം; മാറ്റുരയ്ക്കാൻ ഏഴായിരത്തിലധികം യുവതാരങ്ങൾ; ഗെയിംസ് ദീപത്തിന് വെളിച്ചം പകർന്ന് പ്രധാനമന്ത്രി
അഹമ്മദാബാദ്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ വർണാഭമായ തുടക്കം. കായികതാരങ്ങൾ കൈമാറിയ ദീപശിഖയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ദീപത്തിന് വെളിച്ചം പകർന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഒളിമ്പിക് മെഡൽ ജേതാക്കളായ നീരജ് ചോപ്രയും പി.വി സിന്ധുവും ഗഗൻ നാരംഗും മീരാബായി ചാനുവും കേരളത്തിന്റെ സ്വന്തം അഞ്ജു ബോബി ജോർജും പങ്കെടുത്തു.
ലോകോത്തരമായ അടിസ്ഥാനസൗകര്യങ്ങളാണ് കായികരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാൻ രാജ്യത്തിന് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കായികതാരങ്ങൾക്ക് വിജയാശംസ നേർന്ന പ്രധാനമന്ത്രി ദേശീയ ഗെയിംസ് വളർന്നു വരുന്ന കായികതാരങ്ങൾക്ക് കുതിച്ചുച്ചാട്ടത്തിനുള്ള വേദിയാവട്ടെയെന്നും പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ ഇത്രയും യുവതാരങ്ങളെ പങ്കെടുപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കം നടത്താനാവുന്നത് ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
PM Modi at National Game's 2022#PMatNationalGames pic.twitter.com/27CsgMlylf
- DadaNu Gujarat (@DadaNuGujarat) September 29, 2022
സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സർദാർ പട്ടേൽ സ്പോർട്സ് കോംപ്ലെക്‌സിൽ ഫുട്‌ബോൾ, ഹോക്കി, ബാസ്‌കറ്റ് ബോൾ, കബഡി, ബോക്‌സിങ്, ടെന്നീസ് മത്സരങ്ങൾക്കുള്ള സജജീകരണങ്ങളുണ്ടെന്നും ഇത് രാജ്യത്തിനാകെ മാതൃകയാണെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഗെയിംസിനായി ഗുജറാത്തിലെത്തിയ കായികതാരങ്ങൾ ഇവിടുത്തെ നവരാത്രി ഉത്സവങ്ങളും ആസ്വദിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കായിക മന്ത്രി അനുരാഗ് ഠാക്കൂർ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവ്റഥ്, ഒളിംപ്യന്മാരായ പി വി സിന്ധു, നീരജ് ചോപ്ര, രവികുമാർ ദാഹിയ, മിരാഭായ് ചാനു, ഗഗൻ നാരങ്, അഞ്ജു ബോബി ജോർജ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങ് കാണാൻ ആയിരങ്ങളാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലത്തിയത്. ഗായകൻ ശങ്കർ മഹാദേവൻ, മോഹിത് ചൗഹാൻ എന്നിവരുടെ സംഗീതനിശകളും ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിൽ അരങ്ങേറി.
ഗെയിംസ് മുദ്ര ആലേഖനം ചെയ്ത, ഭാഗ്യചിഹ്നം സാവജ് എന്ന സിംഹത്തെ സ്ഥാപിച്ച രഥസമാനമായ വാഹനത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ഗ്രൗണ്ട് ചുറ്റി കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്കെത്തിയത്. ബറോഡയിലെ ലോകോത്തര നിലവാരത്തിലുള്ള സ്വർണിം കായിക സർവകലാശാലയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ചടങ്ങിൽവെച്ച് നിർവഹിച്ചു.
2015ൽ കേരളത്തിൽ നടന്ന ഗെയിംസിന് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞാണ് വീണ്ടും ദേശീയ ഗെയിംസ് എത്തുന്നത്.അഹമ്മദാബാദ്, ഗാന്ധിനഗർ, വഡോദര,സൂറത്ത്, ഭാവ്‌നഗർ, രാജ്‌കോട്ട് എന്നീ നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 36 ഇനങ്ങളിലായി 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 7000ത്തിലധികം താരങ്ങൾക്കൊപ്പം സർവീസസിൽ നിന്നുമുള്ള കായികതാരങ്ങളും ദേശീയ ഗെയിംസിന്റെ ഭാഗമാകും.
മറുനാടന് മലയാളി ബ്യൂറോ