രുദ്രാപുര്‍: 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും മെഡല്‍ നേട്ടം. സൈക്ക്‌ളിങ്ങിലും നീന്തലിലുമാണ് കേരളം ഇന്ന് മെഡല്‍ നേട്ടം കൈവരിച്ചത്. കേരളത്തിനു വേണ്ടി അദ്വൈത് ശങ്കറാണ് വെള്ളി മെഡല്‍ നേടിയത്. 15 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസിലാണ് നേട്ടം.

നീന്തലില്‍ സജന്‍ പ്രകാശും വെള്ളി സ്വന്തമാക്കി. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലായിരുന്നു സജന്റെ വെള്ളി. രണ്ട് മിനിറ്റ് 8.17 സെക്കന്റില്‍ മലയാളി താരം മത്സരം പൂര്‍ത്തിയാക്കി. നീന്തലില്‍ സജന്റെ നാലാം മെഡല്‍ നേട്ടമാണ്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണവും 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്ന വിഭാഗങ്ങളില്‍ വെങ്കലവും നേടിയിരുന്നു. ഇതോടെ നാല് ഗെയിമുകളില്‍ നിന്നായി സജന്റെ ആകെ മെഡല്‍ നേട്ടം മുപ്പതായി.

അതേസമയം പുരുഷന്‍മാരുടെ ഫുട്‌ബോളില്‍ കേരളം സെമിയില്‍ എത്തി. നിലവിലെ ജേതാക്കളായ സര്‍വീസിനെ തോല്‍പ്പിച്ചാണ് കേരളം സെമിയില്‍ കടന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി കേരളം രണ്ടാമതെത്തി. കേരളത്തിനായി മധ്യനിര താരം ആദില്‍ ഇരട്ട ഗോള്‍ നേടി. ബേബിള്‍ സിവേരിയുടെ വകയായിരുന്നു മൂന്നാം ഗോള്‍.