കൊല്ലം: സിഐഎസ് സി നാഷ്ണൽ കരാട്ടെ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ ഈശ്വരിക്ക് വെള്ളി. 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് ഈശ്വരി വെള്ളി നേടി സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയത്. ബംഗ്ലൂരുവിലെ പദുകോൺ ദ്രാവിഡ് സെന്ററിൽ നടന്ന ഫൈനൽ മത്സരത്തിൽ തമിഴ്‌നാടിനോട് ഏറ്റുമുട്ടിയെങ്കിലും ഈശ്വരിക്ക് വെള്ളികൊണ്ട് തൃപ്തയാകേണ്ടി വന്നു. അടുത്ത അവസരത്തിൽ നാടിന് വേണ്ടി സ്വർണം നേടുമെന്ന് ഈശ്വരി പറഞ്ഞു.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈശ്വരി. കൊല്ലത്ത് നടന്ന ജില്ലാ ടൂർണമെന്റിലും കോഴിക്കോട് നടന്ന സംസ്ഥാന ടൂർണമെന്റിലും സ്വർണം നേടിയാണ് ഈശ്വരി ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കരാട്ടെയിൽ ഇന്ത്യക്ക് വേണ്ടി ലോക കിരീടം സ്വന്തമാക്കണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ മോഹം. ഇതിനകം നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് ഈശ്വരി സ്വർണം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.