- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസ് ഒളിമ്പിക്സില്‍ 46 സെക്കന്‍ഡ് മാത്രം നീണ്ട പോരാട്ടം; മത്സരത്തില്‍നിന്ന് പിന്മാറി ഇറ്റാലിയന്‍ വനിതാ ബോക്സിങ് താരം
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ 46 സെക്കന്‍ഡ് മാത്രം പോരാടിയ ശേഷം മത്സരത്തില്‍നിന്ന് പിന്മാറി ഇറ്റാലിയന്‍ വനിതാ ബോക്സിങ് താരം ആഞ്ജലിന കരിനി. എതിരാളിയായ അല്‍ജീരിയയുടെ ഇമാനെ ഖലിഫില്‍നിന്ന് മൂക്കിന് ശക്തമായ ഇടി കിട്ടിയതിനെത്തുടര്‍ന്നാണ് മത്സരത്തില്‍നിന്ന് പിന്മാറിയത്.
മൂക്കിന് ഇടിയേറ്റതിനെത്തുടര്‍ന്ന് കരിനി, പരിശീലകനുമായി മുപ്പത് സെക്കന്‍ഡോളം ചര്‍ച്ച നടത്തുകയും തുടര്‍ന്ന് റിങ്ങിലെത്തി മത്സരം തുടരാന്‍ വിസമ്മതിക്കുകയുമായിരുന്നു. കരിയറില്‍ നേരിട്ട ഏറ്റവും വലിയ പഞ്ചാണ് ഖലിഫില്‍നിന്ന് നേരിട്ടതെന്ന് കരിനി പറഞ്ഞു. ഇടിയെത്തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. കണ്ണീരോടെയാണ് കരിനി മത്സരം ഉപേക്ഷിച്ചുപോയത്.
ലിംഗ യോഗ്യതാ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2023 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ മത്സരത്തില്‍നിന്ന് അയോഗ്യത കല്‍പ്പിച്ചിരുന്നു ഖലിഫിന്. എന്നാല്‍ പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഐ.ഒ.സി. അനുമതി നല്‍കി. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നുണ്ടിപ്പോള്‍.
സംഭവത്തിനു പിന്നാലെ കരിനി വാര്‍ത്താസമ്മേളനം വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. മത്സരം തുടരാനാവാത്തതിനാലാണ് ഉപേക്ഷിച്ചുപോയതെന്ന് അവര്‍ വിശദീകരിച്ചു. 'ഞാന്‍ എപ്പോഴും എന്റെ രാജ്യത്തെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്തവണ ജയിച്ചില്ല. കാരണം എനിക്ക് പോരാടാനാവുമായിരുന്നില്ല. രണ്ടാമത്തെ ഇടി ലഭിച്ചതിനെത്തുടര്‍ന്ന് ഞാന്‍ മത്സരം അവസാനിപ്പിച്ചു. റിങ്ങില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള എനിക്ക്, മൂക്കില്‍ കഠിനമായ വേദന അനുഭവപ്പെട്ടു.
രക്തമൊഴുകിത്തുടങ്ങിയ എന്റെ മൂക്ക് നിങ്ങളെല്ലാരും കണ്ടു. ഈ രാത്രി ഞാന്‍ തോറ്റതല്ല, പക്വതയോടെ കീഴടങ്ങിയതാണ്. ഞാനൊരു പക്വതയുള്ള സ്ത്രീയാണ്, റിങ്ങാണ് എന്റെ ജീവന്‍. എനിക്ക് ശരിയല്ല എന്ന് തോന്നിയാല്‍ അതൊരു കീഴടങ്ങലല്ല, പക്വതയോടെയുള്ള അവസാനിപ്പിക്കലാണ്', ആഞ്ജലിന കരിനി വ്യക്തമാക്കി.