ബുസാൻ: ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ വെള്ളിയാഴ്ച നടന്ന ഫൈനലിൽ ഇറാനെ തകർത്താണ് (42 -32) കിരീടം സ്വന്തമാക്കിയത്. ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിന്റെ ഒമ്പത് പതിപ്പുകളിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

സൂപ്പർ 10 നേടിക്കൊണ്ട് ക്യാപ്റ്റൻ പവൻ സെഹ്രാവത്താണ് ഇറാനെതിരെ ഇന്ത്യയെ മുന്നിൽ നിന്നും നയിച്ചത്. മത്സരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിൽ ഇറാനായിരുന്നു ആധിപത്യം. എന്നാൽ മത്സരത്തിലേക്ക് തിരിച്ചുവന്ന ഇന്ത്യ 10-ാം മിനിറ്റിൽ ഇറാനെ ഓൾഔട്ടാക്കി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിലും ഇന്ത്യ, ഇറാനെ പരാജയപ്പെടുത്തിയിരുന്നു.

ടാക്കിൾ പോയന്റുകൾ നേടിയ ഇന്ത്യൻ പ്രതിരോധത്തിന്റെ മികവും പവൻ സെഹ്രാവത്തിന്റെയും അസ്ലം ഇനാംദറിന്റെയും വിജയകരമായ റെയ്ഡുകളുമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 19-ാം മിനിട്ടിൽ ഇറാനെ വീണ്ടും ഇന്ത്യ ഓൾഔട്ടാക്കി. ആദ്യ പകുതിയിൽ 23-11 എന്ന സ്‌കോറിന് മുന്നിലായിരുന്നു ഇന്ത്യ.

ഇന്ത്യയേയും ഇറാനേയും കൂടാതെ ജപ്പാൻ, കൊറിയ, ചൈനീസ് തായ്പേയ്, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നത്. റൗണ്ട് റോബിൻ രീതിയിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.