- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ക്വാഷ് പുരുഷ ടീം ഇനത്തിൽ പാക്കിസ്ഥാനെ ഫൈനലിൽ തകർത്ത് ഇന്ത്യ; മിന്നും ജയം സമ്മാനിച്ചത് സൗരവ് ഘോഷാലും അഭയ് സിങ്ങും ചേർന്ന്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താം സ്വർണം; 35 മെഡലുകളുമായി നാലാം സ്ഥാനത്ത്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഏഴാം ദിനമായ ശനിയാഴ്ച ഇന്ത്യ രണ്ട് സ്വർണം കൂടി നേടിയതോടെ പത്ത് സ്വർണ മെഡലായി. സ്‌ക്വാഷ് ഫൈനലിൽ പാക്കിസ്ഥാനെ 2-1ന് കീഴടക്കി പുരുഷ ടീമാണ് സ്വർണമണിഞ്ഞത്. വെറ്ററൻ താരം സൗരവ് ഘോഷാലും യുവതാരം അഭയ് സിങ്ങുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യ നേടുന്ന രണ്ടാം സ്വർണമാണിത്. നേരത്തേ വനിതാ ടീം വെങ്കല മെഡൽ നേടിയിരുന്നു.
നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ താരം അഭയ് സിങ് പാക്കിസ്ഥാന്റെ സമാൻ നൂറിനെ 11-7, 9-11, 7-11, 11-9, 12-10 സ്‌കോറിനാണ് തോൽപിച്ചത്. നേരത്തെ സൗരവ് ഘോഷാൽ മുഹമ്മദ് അസിം ഖാനെ തോൽപിച്ചപ്പോൾ മഹേഷ് മംഗോൻകർ നാസിർ ഇഖ്ബാലിനോട് തോറ്റിരുന്നു. ഇതോടെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യമായിരുന്നു. ആദ്യ സെറ്റ് അഭയ് സിങ് നേടിയപ്പോൾ രണ്ടും മൂന്നും സെറ്റ് സമാൻ നൂർ സ്വന്തമാക്കി. നാലും അഞ്ചും സെറ്റിൽ വീറോടെ പോരാടിയാണ് അഭയ് സിങ് വിജയം പിടിച്ചെടുത്തത്.
ഏഴാം ദിനം മിക്സഡ് ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം സ്വർണം നേടിയിരുന്നു. ഫൈനലിൽ ചൈനീസ് തായ്പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ആവേശകരമായ ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പിന്നീട് ബൊപ്പണ്ണ-ഋതുജ സഖ്യം തിരിച്ചടിച്ച് സ്വർണം നേടുകയായിരുന്നു. സ്‌കോർ: 2-6, 6-3, 10-4.
10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം മത്സരത്തിൽ ഇന്ത്യയുടെ സരബ്‌ജോത് സിങ്-ദിവ്യ ടി.എസ് സഖ്യം വെള്ളി നേടി. ഫൈനലിൽ ചൈനയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ മുന്നിൽ നിന്ന ഇന്ത്യ അവസാനമാണ് മത്സരം കൈവിട്ടത്. ഷൂട്ടിങ്ങിൽ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന 19-ാം മെഡലാണിത്. ബോക്സിങ് റിങ്ങിൽ നിന്ന് ഇന്ത്യ മൂന്ന് മെഡലുറപ്പിച്ചു.
വനിതകളുടെ 54 കിലോ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യൻ യുവതാരം പ്രീതി പൻവാർ സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ കസാഖ്‌സ്താൻ താരം ഷായ്‌ന ഷെക്കർബെക്കോവയെ തകർത്താണ് പ്രീതി അവസാന നാലിലെത്തിയത്. 4-1 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. വെറും 18 വയസ്സ് മാത്രമാണ് പ്രീതിയുടെ പ്രായം.
വനിതകളുടെ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോകചാമ്പ്യൻ ലവ്ലിന ബോർഗോഹെയ്നും സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ ലവ്‌ലിന ദക്ഷിണ കൊറിയയുടെ സുയിയോൺ സിയോങ്ങിനെ കീഴടക്കിയാണ് താരം സെമിയിലെത്തിയത്. സ്‌കോർ 5-0. ഈ ഇനത്തിലെ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയാണ് ലവ്ലിന. പുരുഷന്മാരുടെ 91 കിലോ വിഭാഗത്തിൽ നരേന്ദറും അവസാന നാലിലെത്തി. ക്വാർട്ടറിൽ ഇറാന്റെ ഇമാനെ 5-0ത്തിനാണ് നരേന്ദർ പരാജയപ്പെടുത്തിയത്.
ലോങ്ജമ്പിൽ മുരളി ശ്രീശങ്കറും 1500 മീറ്റർ ഓട്ടത്തിൽ ജിൻസൺ ജോൺസണും ഫൈനലിലെത്തി. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്. ജസ്വിൻ മൂന്നാം ശ്രമത്തിൽ 7.67 മീറ്റർ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി. നിലവിൽ 10 സ്വർണവും 13 വെള്ളിയും 13 വെങ്കലവുമടക്കം 35 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്