ന്യൂഡല്‍ഹി: 2036 ഒളിമ്പിക്‌സിന്റെ ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ). 2036-ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്. ഒക്ടോബര്‍ ഒന്നിനാണ് ഔദ്യോഗികമായി കത്തയച്ചത്. 2036ല്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം.

ഒളിംപിക്സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളര്‍ച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐഒസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഒളിമ്പിക്സ് ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് മുമ്പ് പല അവസരങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അന്ന് ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ച് ഐഒഎ ഔദ്യോഗികമായി കത്തയച്ചിരിക്കുന്നത്.

ഇന്ത്യയടക്കം (അഹമ്മദാബാദ്) നിരവധി രാജ്യങ്ങള്‍ ഒളിമ്പിക്‌സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. മെക്സിക്കോ (മെക്സിക്കോ സിറ്റി), ഇന്‍ഡൊനീഷ്യ (നുസന്താര), തുര്‍ക്കി (ഇസ്താംബുള്‍), പോളണ്ട് (വാര്‍സോ, ക്രാക്കോ), ഈജിപ്ത്, ദക്ഷിണ കൊറിയ (സിയോള്‍-ഇഞ്ചിയോണ്‍) എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളത്.

'ഇന്ത്യ 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇക്കാര്യത്തില്‍, മുന്‍ ഒളിമ്പിക്‌സ് കായികതാരങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വളരെ പ്രധാനമാണ്. നിങ്ങള്‍ കായികതാരങ്ങള്‍, കായികയിനങ്ങള്‍ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തവരാണ്. ഇത് സര്‍ക്കാരുമായി പങ്കിടണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന. 2036-നുള്ള തയ്യാറെടുപ്പില്‍ ചെറിയ കാര്യങ്ങളില്‍ പോലും വീഴ്ചയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷനില്‍, 2036 ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചിരുന്നു. 140 കോടി ഇന്ത്യക്കാര്‍ ഗെയിംസ് നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ശക്തമായ സാഹചര്യമുണ്ടെന്ന് അവകാശപ്പെട്ട് ഐഒസി പ്രസിഡന്റ് തോമസ് ബാച്ചും ഇന്ത്യയുടെ വാദത്തെ പിന്തുണച്ചിരുന്നു.

2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2024 ഒളിമ്പിക്‌സിന് പാരീസും 2028-ല്‍ ലോസ് ആഞ്ജലിസും വേദിയാകും. 2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് നടക്കുക. 1982 ഏഷ്യന്‍ ഗെയിംസ്, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയാണ് ഇന്ത്യയില്‍ നടന്ന പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍.

ഒളിമ്പിക്സ് ആതിഥേയത്വത്തിന്റെ ഭാഗമായി ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ ആറായിരം കോടി രൂപ വകയിരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 'ഗുജറാത്ത് ഒളിമ്പിക് പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്' എന്ന കമ്പനി രൂപവത്കരിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.