- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയര്‍ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കാല്‍മുട്ടിന് പരുക്കേറ്റ് ട്രാക്കില്‍ നിന്ന് വിട്ടുനിന്നത് ഒന്നര വര്‍ഷത്തോളം; തിരിച്ചുവരവില്‍ വീണ്ടും വിജയശ്രീ; ലോങ്ജംപ് താരം ശ്രീശങ്കറിന് സീസണിലെ അഞ്ചാം സ്വര്‍ണം
തിരിച്ചുവരവില്‍ വീണ്ടും വിജയശ്രീ
ചെന്നൈ: കാല്‍മുട്ടിന് പരുക്കേറ്റ് മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കര്‍ ട്രാക്കില്‍ നിന്ന് വിട്ടുനിന്നത് ഒന്നര വര്‍ഷത്തോളമാണ്. കരിയര്‍ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതി. ഏതൊരു കായികതാരവും അസ്തമിച്ചേക്കാവുന്ന സാഹചര്യത്തില്‍ നിന്ന് ട്രാക്കിലേക്ക് മടങ്ങിയെത്തി കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് എം.ശ്രീശങ്കര്‍ ഇപ്പോള്‍. ഇന്നലെ സ്വന്തമാക്കിയത് സീസണില്‍ തുടര്‍ച്ചയായ അഞ്ചാം സ്വര്‍ണമാണ്.
ചെന്നൈയിലെ ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഓരോ ശ്രമവും ഒന്നിനൊന്ന് മികച്ചു നിന്നു. മൂന്നാം ശ്രമത്തില്‍ 8.06 മീറ്റര്‍ ചാടി സ്വര്‍ണം ഉറപ്പാക്കിയെങ്കിലും ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ് യോഗ്യതയായ 8.27 മീറ്റര്‍ മറികടക്കാനായില്ല.
പരുക്കിനുശേഷം തിരിച്ചെത്തുമ്പോള്‍ സീസണില്‍ ഒരു മത്സരത്തിലെങ്കിലും 8 മീറ്റര്‍ മറികടക്കുകയായിരുന്നു ശ്രീശങ്കറിന്റെ ലക്ഷ്യം. എന്നാല്‍ സീസണിലെ 5 മത്സരങ്ങളില്‍ മൂന്നിലും 8 മീറ്റര്‍ കടമ്പ മറികടന്നു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലേക്ക് റാങ്കിങ് പോയിന്റിലൂടെ യോഗ്യത ലഭിക്കുമോ എന്നറിയാനാണ് ഇനി ശ്രീശങ്കറിന്റെ കാത്തിരിപ്പ്. പുണെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക്‌സ്, ലിസ്ബണ്‍, അല്‍മാട്ടി, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളിലാണ് ശ്രീശങ്കര്‍ ഇതിനു മുന്‍പ് ഈ സീസണില്‍ സ്വര്‍ണം നേടിയത്.
പരിക്കു മാറി ജംപിങ് പിറ്റിലേക്ക് മടങ്ങിയെത്തിയ താരം ലോക അത്ലറ്റിക്സ് കോണ്ടിനെന്റല്‍ ടൂറിലെ ഇന്ത്യന്‍ ഓപ്പണ്‍ പോരാട്ടത്തിലും നേട്ടം സ്വന്തമാക്കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഈ പോരാട്ടം അരങ്ങേറുന്നത്. 16 രാജ്യങ്ങളിലെ താരങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചത്. സീസണിലെ മികച്ച ദൂരം താണ്ടിയാണ് ശ്രീശങ്കറിന്റെ നേട്ടം. അവസാന ശ്രമത്തില്‍ 8.13 മീറ്റര്‍ കടന്നാണ് താരം സ്വര്‍ണം ഉറപ്പിച്ചത്. ലോങ് ജംപില്‍ സ്വര്‍ണം, വെള്ളി, വെങ്കല നേട്ടങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ഷഹ്നാസ് ഖാന്‍ 8.04 മീറ്റര്‍ താണ്ടി വെള്ളിയും 7.85 മീറ്റര്‍ കടന്നത് ലോകേഷ് സത്യനാഥന്‍ വെങ്കലവും നേടി. ദിവസങ്ങള്‍ക്കു മുന്‍പ് കസാഖിസ്ഥാനില്‍ നടന്ന ഖ്വാസ്‌നോവ് മെമോറിയല്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ താരം 7.94 മീറ്റര്‍ താണ്ടി കിരീടം സ്വന്തമാക്കിയിരുന്നു പിന്നാലെയാണ് ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തിലെ മികച്ച പ്രകടനം.