പാരീസ്: പാരീസില്‍ ട്രാക്കിലെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈല്‍സ്. ഒളിമ്പിക്സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി.

തോംസണ്‍ 9.79 സെക്കന്റ് സമയം കുറിച്ചപ്പോള്‍ ഫ്രഡ് കെര്‍ലി 9.81 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കിഷെയ്ന്‍ തോംസണെ 0.005 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നോഹ പിന്തള്ളിയത്. എട്ടുപേര്‍ അണിനിരന്ന ത്രില്ലറില്‍ അവസാനനിമിഷംവരെ കിഷെയ്ന്‍ തോംസനായിരുന്നു മുന്നില്‍.

ഫിനിഷിന് തൊട്ടുമുമ്പ് നടത്തിയ കുതിപ്പിലാണ് നോഹ സ്വര്‍ണം തൊട്ടത്. മത്സരം പൂര്‍ത്തിയായെങ്കിലും ഉടന്‍ വിജയിയെ നിര്‍ണയിക്കാനായില്ല. ഫോട്ടോഫിനിഷില്‍ നേരിയ വ്യത്യാസത്തില്‍ നോഹ ആദ്യമെത്തിയതായി തെളിഞ്ഞു. നിലവിലെ ചാമ്പ്യന്‍ ഇറ്റലിയുടെ മാഴ്സല്‍ ജേക്കബബ്സ് അഞ്ചാമതായി. ഫൈനലില്‍ മൂന്ന് അമേരിക്കക്കാരും രണ്ട് ജമൈക്കക്കാരും അണിനിരന്നു.

ഇരുപത് വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ നിന്നും പുരുഷന്‍മാരുടെ നൂറു മീറ്ററില്‍ ഒരു ലോകചാമ്പ്യന്‍ അവതരിക്കുന്നത്. നോഹ ലൈല്‍സിന്റെ ഏറ്റവും മികച്ച സമയമാണ് പാരീസില്‍ കുറിച്ചത്. കഴിഞ്ഞ മാസം 9.81 സെക്കന്‍ഡിന് നൂറുമീറ്റര്‍ ലൈല്‍സ് ഓടിയെത്തിയിരുന്നു. നോഹയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണ മെഡലാണിത്. ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്സിലെ ചാമ്പ്യന്‍ ലമോന്റ് മാഴ്സെല്‍ ജേക്കബ്സിന് (9.85) അഞ്ചാമതായിഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു.

2004ല്‍ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ സ്വര്‍ണം നേടിയ ശേഷം അമേരിക്കയുടെ ആദ്യ നേട്ടമാണ്. 2008, 2012, 2016 വര്‍ഷങ്ങളില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടായിരുന്നു ചാമ്പ്യന്‍. വനിതകളുടെ ഹൈജമ്പില്‍ ഉക്രെയ്ന്‍ താരം യരോസ്ലാവ മഹുചിക് സ്വര്‍ണം നേടി. പുരുഷ ഹാമര്‍ത്രോയില്‍ ക്യാനഡയുടെ ഏതന്‍ കാറ്റ്ബര്‍ഗിനാണ് സ്വര്‍ണം. 84.12 മീറ്ററാണ് താണ്ടിയത്.